ഡീസലിന് മാത്രം 1000 രൂപ അധികച്ചെലവ്‌, നികുതി 35,000 വരെ; നഷ്ടങ്ങളുടെ പടുകുഴിയില്‍ ബസ് ഉടമകള്‍


ഒരു ബസിന് 1,500 രൂപയോളം പ്രതിദിനനഷ്ടം. എന്നിട്ടും ഒരു മാസത്തോളം സര്‍വീസ് തുടര്‍ന്നു. ഒടുവില്‍ സകലപ്രതീക്ഷയും ഇല്ലാതായതോടെ ബസ് സര്‍വീസ് നര്‍ത്തിവെച്ച് മീന്‍വില്‍പ്പന തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രതീകാത്മക ചിത്രം | രേഖാചിത്രം: മാതൃഭൂമി

ഡീസല്‍ വില കുറഞ്ഞിട്ടും ബസ് വ്യവസായത്തിലെ നഷ്ടം കുറഞ്ഞില്ലെന്ന് ഉടമകള്‍. ഉയര്‍ന്ന നികുതി, യാത്രക്കാരുടെ എണ്ണക്കുറവ് തുടങ്ങി നിരവധി വെല്ലുവിളികളാണ് വ്യവസായത്തെ നഷ്ടത്തിന്റെ പടുകുഴിയിലാക്കിയതെന്ന് ഉടമകള്‍ പറയുന്നു. ഓടിക്കിട്ടുന്ന വരുമാനം ബാങ്ക് വായ്പ അടയ്ക്കാനും തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍പോലും തികയാത്ത സാഹചര്യത്തില്‍ ഇനി ഇങ്ങനെ എത്ര കാലം മുന്നോട്ടു പോകുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. വ്യവസായം കൊണ്ടുനടക്കാനുള്ള വഴി എന്ന നിലയ്ക്കാണ് ടിക്കറ്റ്‌ നിരക്ക് വര്‍ധന ആവശ്യപ്പെടുന്നതെന്നും അവര്‍ പറയുന്നു.

പ്രശ്‌നങ്ങളിലൂടെ

  • ഇന്ധനവില വര്‍ധനയാണ് പ്രധാന പ്രശ്നം. ആദ്യ ലോക്ഡൗണ്‍ കാലത്ത് 68 രൂപയായിരുന്നു ഡീസലിന്റെ വില, അത് 104 വരെ എത്തി. വില കുറച്ചെങ്കിലും ഇപ്പോഴും ഒരു ലിറ്ററിന് 92 രൂപ വേണം.
  • യാത്രക്കാരുടെ എണ്ണം കുറഞ്ഞു. കോവിഡ് പ്രതിസന്ധിയും രണ്ട് ലോക്ഡൗണും പിന്നിട്ടതോടെ ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം പാതിയിലേറെ കുറഞ്ഞു. നിരവധിയാളുകള്‍ ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും സ്വന്തമാക്കി.
  • നികുതി ഇളവില്ല. ബസുകള്‍ക്ക് ത്രൈമാസ നികുതി 30,000 മുതല്‍ 35,000 രൂപ വരെയാണ്.
  • ഡീസലിനുമാത്രം ആയിരം രൂപയോളം അധികം വേണം. ഡീസലിന്റെ വില ഉയര്‍ന്നതോടെ മുന്‍പത്തേക്കാള്‍ ആയിരം രൂപ അധികം പമ്പില്‍ മുടക്കണം. ശരാശരി 2,000 മുതല്‍ 2,500 വരെ രൂപ മിച്ചം കിട്ടുന്ന ബസിന്റെ ആകെ വരുമാനത്തില്‍നിന്നു 1,000 രൂപകൂടി അധികമായി ഡീസലിന് മുടക്കേണ്ട സ്ഥിതി.
  • അറ്റകുറ്റപ്പണി ചെലവും ടയര്‍ അടക്കമുള്ള എല്ലാ സ്പെയര്‍പാര്‍ട്സ് സാധനങ്ങള്‍ക്കും വില ഉയര്‍ന്നു. പുതിയ ടയറിന് 15,000-20,000 (റേഡിയല്‍) രൂപ വരെയാണ് വില.
  • പിടിച്ചുനില്‍ക്കാനായി പല ഉടമകളും തൊഴിലാളികളുടെ ശമ്പളം കുറച്ചു. 800 മുതല്‍ 900 രൂപ ഉണ്ടായിരുന്ന ശമ്പളം 500 മുതല്‍ 600 വരെയാക്കി.
  • വിദ്യാര്‍ഥികളുടെ യാത്രാനിരക്ക്. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തണമെന്നാണ് മറ്റൊരു ആവശ്യം. ഒരു രൂപ നിരക്കില്‍ 92 കുട്ടികളെ കൊണ്ടുപോകുമ്പോള്‍ മാത്രമാണ് ഒരു ലിറ്റര്‍ ഡീസലിന്റെ പണം കിട്ടുന്നത്.
രണ്ട് ബസുകള്‍ ഷെഡ്ഡില്‍ കയറ്റി ബിനു

സ്വകാര്യ ബസ് ഉടമയെന്ന എടുത്താല്‍ പൊങ്ങാത്ത ഭാരം തലയില്‍നിന്ന് ഇറക്കി വയ്ക്കാനാകാതെ ശ്വാസം മുട്ടുകയാണ് ഗുരുദേവ് ബസുടമ കൂവപ്പള്ളി പാഴൂര്‍ ബിനു. കോവിഡ് കാലത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറാനാകാതെ വലയുകയാണ് ബിനു. മുണ്ടക്കയം-കോരൂത്തോട്-കുഴിമാവ്, എരുമേലി-കൂട്ടിക്കല്‍ എന്നിവിടങ്ങളിലേക്ക് രണ്ട് ഷട്ടില്‍ സര്‍വീസും മുണ്ടക്കയം-എറണാകുളം റൂട്ടിലുള്ള ദീര്‍ഘദൂര ബസുമടക്കം മൂന്ന് സര്‍വീസുകളാണ് ബിനു നടത്തിയിരുന്നത്.

രണ്ട് വര്‍ഷം മൂന്ന് വാഹനങ്ങളും ഓടാതെ കിടന്നു. ആറ് മാസം മുന്‍പ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് വാഹനങ്ങള്‍ നിരത്തിലിറക്കിയെങ്കിലും വരുമാനം തീരെ കുറഞ്ഞതിനാല്‍ പ്രതിദിനം ആയിരക്കണക്കിന് രൂപ നഷ്ടം വന്നു. ഇതോടെ ഷട്ടില്‍ സര്‍വീസ് നടത്തിവന്ന രണ്ട് ബസുകളുടെ ഓട്ടം വേണ്ടെന്നുവെച്ചു. കാഞ്ഞിരപ്പള്ളിക്ക് സമീപം പൊടിമറ്റത്ത് ദേശീയ പാതയോരത്ത് ബസുകള്‍ വെറുതെയിട്ടിരിക്കുകയാണ്.

എറണാകുളം ബസ് മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഓടാതെ കിടക്കുന്നവയ്ക്ക് ഇന്‍ഷുറന്‍സ്, നികുതി, അറ്റകുറ്റപ്പണികള്‍, ജി.പി.എസ്. സംവിധാനമൊരുക്കല്‍ എന്നിവയ്‌ക്കെല്ലാംകൂടി ബസ് ഒന്നിന് ഒന്നര ലക്ഷത്തോളം രൂപ വേണ്ടിവരും. നിലവിലെ സാഹചര്യത്തില്‍ ഇത്രയും പണം കണ്ടെത്താനാകില്ല. ബസ് മറിച്ച് വില്‍പ്പനയും നടക്കില്ല. വെറുതെ കിടന്ന് പോയാലും കൂടുതല്‍ ബാധ്യത ഉണ്ടാകാതെ രക്ഷപ്പെടാമെന്ന വിശ്വാസത്തിലാണ് ബിനു.

Babu Raj, Bus Owner
ഓട്ടംനിര്‍ത്തിയ ബസിന് സമീപം ബാബുരാജ് | ഫോട്ടോ: മാതൃഭൂമി

ബസ് ഉടമ മീന്‍കച്ചവടത്തിന്

സര്‍വീസ് നടത്തുന്നത് പ്രതിസന്ധിയിലായതോടെ ബസ് ഉടമ മീന്‍ വില്‍പ്പനയിലേക്ക് തിരിഞ്ഞു. ആനിക്കാട് മണിമന്ദിരം ബാബുരാജാണ് മീന്‍കച്ചവടത്തിന് ഇറങ്ങിയത്. ശ്രീപാര്‍വതി എന്ന പേരില്‍ പാലാ-കൊടുങ്ങൂര്‍ റൂട്ടില്‍ ബസ് സര്‍വീസ് നടത്തിവരുകയായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് സര്‍വീസ് നഷ്ടത്തിലായത്. ജീവനക്കാരുടെ ശമ്പളം, ഇന്ധനം, ഇതര ചെലവുകള്‍ എന്നിവ കഴിഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് ബാബു പറയുന്നു.

ഒരു ബസിന് 1,500 രൂപയോളം പ്രതിദിനനഷ്ടം. എന്നിട്ടും ഒരു മാസത്തോളം സര്‍വീസ് തുടര്‍ന്നു. ഒടുവില്‍ സകലപ്രതീക്ഷയും ഇല്ലാതായതോടെ ബസ് സര്‍വീസ് നര്‍ത്തിവെച്ച് മീന്‍വില്‍പ്പന തുടങ്ങാന്‍ തീരുമാനിച്ചത്. പാലാ-കൊടുങ്ങൂര്‍ റോഡില്‍ ആനിക്കാട് ഗവ.യു.പി. സ്‌കൂളിന് സമീപം വീടിനോട് ചേര്‍ന്ന കെട്ടിടത്തിലാണ് സുഹൃത്ത് ബിജു വര്‍ഗീസിനൊപ്പം മീന്‍കച്ചവടം നടത്തുന്നത്. ബസ് സര്‍വീസിനെ അപേക്ഷിച്ച് മീന്‍വില്‍പ്പന നഷ്ടമല്ലെന്നും ബാബുരാജ് പറഞ്ഞു.

Content Highlights: Diesel price hike, no tax relaxation; private bus owners struggling for survival, Private bus service, private bus business


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented