സുകള്‍ സി.എന്‍.ജി.യിലേക്ക് മാറ്റണമെന്ന നിര്‍ദേശത്തോട് ഉടമകള്‍ക്ക് വിമുഖത. ഡീസല്‍ ബസുകള്‍ സി.എന്‍.ജി.യിലേക്ക് മാറ്റുമ്പോള്‍ മൂന്നുലക്ഷം മുതല്‍ 4.30 ലക്ഷം വരെ ചെലവുവരും. ഇത് താങ്ങാനുള്ള സാമ്പത്തികശേഷിയില്ലെന്നാണ് ഉടമകള്‍ പറയുന്നത്. ബസ് വ്യവസായം കോവിഡിനെത്തുടര്‍ന്ന് വന്‍നഷ്ടം നേരിടുന്ന സഹചര്യത്തില്‍ ഇത്രയുംതുക കണ്ടെത്തുക പ്രയാസമാണ്.

അതേസമയം, ഡീസലില്‍നിന്ന് സി.എന്‍.ജി.യിലേക്ക് മാറിയ ബസുകള്‍ക്ക് സാങ്കേതികത്തകരാര്‍ നേരിടുന്നതായി പരാതിയുണ്ട്. കൂടുതല്‍ യാത്രക്കാരുമായി ബസിന് കയറ്റംകയറാന്‍ ബുദ്ധിമുട്ടാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. കേരളത്തിലെ മലയോരമേഖലകളില്‍ ഇത്തരം ബസുകള്‍ക്ക് ഓടാനാകുമോ എന്ന ആശങ്കയാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണന്‍ ഉന്നയിക്കുന്നത്.

തുടര്‍ച്ചയായുണ്ടാകുന്ന ഇന്ധനവിലക്കയറ്റത്തില്‍നിന്നുള്ള രക്ഷയാണ് സി.എന്‍.ജി.യിലേക്കുള്ള മാറ്റത്തിന്റെ പ്രധാന ആകര്‍ഷണമെന്നിരിക്കെ ഡീസല്‍ വിലവര്‍ധനയ്‌ക്കൊപ്പം സി.എന്‍.ജി.ക്ക് വിലകൂടുന്നതും തിരിച്ചടിയാകുന്നുണ്ട്. കഴിഞ്ഞമാസം ആദ്യം സി.എന്‍.ജി.ക്ക് 62 രൂപയായിരുന്നു വില. എന്നാല്‍, ഒരു മാസം പിന്നിടുന്‌പോള്‍ 11.50 രൂപയാണ് സി.എന്‍.ജി.ക്ക് വര്‍ധിച്ചത്. തിങ്കളാഴ്ച 73.50 രൂപയാണ് വില. 

ഡീസലിനെ അപേക്ഷിച്ച് സി.എന്‍.ജി.ക്ക് വില കുറവാണെങ്കിലും ദിവസേനയുള്ള വര്‍ധന തുടര്‍ന്നാല്‍ ഇത് ഡീസലിന് ഒപ്പമെത്താന്‍ അധികകാലം വേണ്ടിവരില്ലെന്ന് ബസ്സുടമകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രകൃതിവാതകം ഉപയോഗിക്കുമ്പോള്‍ അന്തരീക്ഷമലിനീകരണം കുറയുമെന്നതിനാലാണ് സംസ്ഥാനസര്‍ക്കാര്‍ ബസുകള്‍ സി.എന്‍.ജി.യിലേക്ക് മാറ്റാന്‍ പ്രേരിപ്പിക്കുന്നത്. സി.എന്‍.ജി. കത്തുമ്പോള്‍ പുറത്തുവിടുന്ന വിഷവാതകങ്ങളുടെ അളവ് മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. 

ഹരിയാണയിലും മറ്റും ബസുകളും ലോറികളുമടക്കമുള്ള വാഹനങ്ങള്‍ വ്യാപകമായി സി.എന്‍.ജി.യിലേക്ക് മാറ്റിയിരുന്നു. സി.എന്‍.ജി.യിലേക്ക് മാറ്റിയ ബസ് ദിവസം രണ്ട് ട്രിപ്പ് ഓടുന്നുണ്ടെന്നും കൂടുതല്‍ ബസുകള്‍ സി.എന്‍.ജി.യിലേക്ക് മാറ്റുന്നതിനോടാണ് താത്പര്യമെന്നും കോഴിക്കോട് ജില്ലയിലാദ്യമായി സി.എന്‍.ജി.യിലേക്ക് മാറിയ എ.സി. ബ്രദേഴ്‌സ് ബസ് സര്‍വീസ് ഉടമ എ.സി. ബാബുരാജ് പറഞ്ഞു.

Content Highlights: Diesel buses converts into CNG, eco friendly buses, cng fuel, diesel buses