15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ മലിനീകരണം പരിഗണിച്ച് നിരോധിച്ചു. ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍വരും. വാഹനങ്ങള്‍ കൈവശമുള്ളവര്‍ ഡീസല്‍ എന്‍ജിന്‍ ഉപേക്ഷിക്കണം. സി.എന്‍.ജി., എല്‍.എന്‍.ജി., അല്ലെങ്കില്‍ വൈദ്യുതിയിലേക്ക് മാറാം.

2021 ജനുവരി മുതല്‍ നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും മറ്റു ഇന്ധനങ്ങളിലേക്ക് മാറുന്നതിന് ആറുമാസം നല്‍കിയിരുന്നു. 2006-ന് മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയ്ക്കാണ് ബാധകമാകുക. അന്തരീക്ഷമലിനീകരണം കൂടുന്നത് ഒഴിവാക്കാനാണ് നടപടി സ്വീകരിക്കുന്നത്. 

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കുമെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍, സംസ്ഥാനത്ത് മുഴുവനും നിരോധനം വന്നേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

സിറ്റി പെര്‍മിറ്റ് നിലനിര്‍ത്തണമെങ്കില്‍ ഉടമകള്‍ പുതിയ ഇ-റിക്ഷകള്‍ വാങ്ങുകയോ സി.എന്‍.ജി.യിലേക്ക് മാറുകയോ വേണം. പത്ത് ഇ-ഓട്ടോറിക്ഷാ നിര്‍മാതാക്കളുടെ മോഡലുകള്‍ക്ക് സംസ്ഥാന മോട്ടോര്‍വാഹനവകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 

2000-നു മുമ്പ് പെട്രോള്‍ ഓട്ടോറിക്ഷകളാണ് സംസ്ഥാനത്ത് പ്രചാരത്തിലുണ്ടായിരുന്നത്. ഇതിനു ശേഷമാണ് ഡീസല്‍ ഓട്ടോറിക്ഷകള്‍ വിപണി നേടിയത്. പരിസ്ഥിതി മലിനീകരണം തടയുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനവും ഈ നിരോധനത്തിന്റെ ലക്ഷ്യമാണ്.

Content Highlights: Diesel Auto Ban. Diesel Auto More Than 15 Years To Ban In Kerala