തിരുവനന്തപുരം: വാഹനപരിശോധനാ സമയത്ത് ഹാജരാക്കുന്ന ഡിജിറ്റല്‍ രേഖകള്‍ ആധികാരിക രേഖയായി അംഗീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു. കേന്ദ്ര ഐ.ടി. മന്ത്രാലയം പുറത്തിറക്കിയ ഡിജിലോക്കര്‍, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എം-പരിവാഹന്‍ എന്നീ ആപ്പുകള്‍ മുഖേനയുള്ള രേഖകള്‍ അംഗീകരിക്കാനാണ് നിര്‍ദേശം.

ഡ്രൈവിങ് ലൈസന്‍സ്, രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ്, ഫിറ്റ്നെസ്, പെര്‍മിറ്റ്, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ് ഡിജിലോക്കര്‍, എം-പരിവാഹന്‍ ആപ്പുകള്‍. ഇവയില്‍ വാഹനരേഖകള്‍ സൂക്ഷിച്ചിട്ടുള്ളവര്‍ക്ക് എന്തെങ്കിലും കാരണത്താല്‍ പരിശോധനാ സമയത്ത് അവ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പോലും ഉദ്യോഗസ്ഥര്‍ക്ക് ഈ ആപ്പുകള്‍ വഴി രേഖകള്‍ പരിശോധിക്കാനാവും.

2019-ലെ പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം ഇലക്ട്രോണിക് മാതൃകയിലുള്ള രേഖകള്‍ അംഗീകരിക്കണമെന്നും ഇതിന്റെ പേരില്‍ വാഹന ഉടമകള്‍ക്ക് പീഡനമോ അസൗകര്യമോ ഉണ്ടാകാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രേഖകളുടെ പകര്‍പ്പ് ഹാജരാക്കാത്തതിന്റെ പേരില്‍ പിഴ ഈടാക്കുന്നത് നീതീകരിക്കാനാവില്ലെന്നും ഡി.ജി.പി. നിര്‍ദേശിച്ചു.

Content Highlights; dgp lokanath behera orderd that digital documents should be agreed on vehicle inspection, digital documents validity