സ്വന്തംവാഹനത്തില്‍ ഓഫ് റോഡ് യാത്രകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴിയൊരുക്കി അബുദാബി വിനോദസഞ്ചാര സാംസ്‌കാരികവകുപ്പ്. അബുദാബി, അല്‍ദഫ്‌റ, അല്‍ഐന്‍ എന്നിവിടങ്ങളിലായി ആറ് പുതിയ റൂട്ടുകളാണ് വകുപ്പ് തുറന്നുനല്‍കുന്നത്. ഡെസേര്‍ട്ട് സഫാരി സ്വന്തംവാഹനങ്ങളില്‍ നടത്തുന്നതിന് പരിമിതികളുണ്ട്.

അംഗീകൃത വാഹനങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവര്‍മാര്‍ക്കൊപ്പം മാത്രമേ അത്തരം യാത്രകള്‍ അനുവദനീയമായിരുന്നുള്ളു. എന്നാല്‍ വിനോദസഞ്ചാരവകുപ്പ് അവതരിപ്പിക്കുന്ന പുതിയ റൂട്ടുകളിലൂടെ മരുഭൂമിയുടെ കാഴ്ചകള്‍ ആസ്വദിച്ച് സ്വന്തം ഫോര്‍വീല്‍ വാഹനത്തില്‍തന്നെ ആളുകള്‍ക്ക് സഞ്ചരിക്കാം.

മരുഭൂമിയില്‍ ക്യമ്പിങ് നടത്താനുള്ള സൗകര്യങ്ങളും ഒരുക്കും. ഒട്ടകങ്ങള്‍, മണല്‍ക്കൂനകള്‍, മരുപ്പച്ച എന്നിവയെല്ലാം യാത്രാവഴിയിലെ കാഴ്ചകളാവും. ഓഫ്‌റോഡിങ് പരിചയമില്ലാത്തവര്‍ക്കും വാഹനമോടിക്കാന്‍ പാകത്തിലുള്ള ട്രാക്കും ഇതിലുള്‍പ്പെടും. ഓഫ്‌റോഡിങ് യാത്രയ്ക്ക് മുന്നോടിയായി തുടക്കക്കാര്‍ക്ക് പ്രത്യേക ക്ലാസുകളും നല്‍കും.

വാഹനങ്ങള്‍ കൈകാര്യംചെയ്യേണ്ട രീതി, കരുതേണ്ട സാധനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം ഇതില്‍ വിശദമാക്കും. യു.എ.ഇയുടെ തനത് കാഴ്ചകള്‍ കണ്ട് സാഹസികയാത്ര സ്വന്തംവാഹനത്തില്‍ നടത്താനുള്ള അവസരമാണ് വകുപ്പ് ഇതിലൂടെ തുറന്നിടുന്നതെന്ന് ടൂറിസം മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ജനറല്‍ അലിഹസന്‍ അല്‍ഷൈബ പറഞ്ഞു. ഈ റൂട്ട് ഗൂഗിള്‍മാപ്പിലും ലഭ്യമാണ്.

Content Highlights: Desert Safari In Own Vehicle, Special Tracks For Off Road Drive