സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ അപമാനിച്ചും അദ്ദേഹത്തിനെതിരേ നടപടിക്ക് ശുപാർശ ചെയ്തും ഡെപ്യുട്ടി കളക്ടർ. മഹാരാഷ്ട്രയിലെ ഹിങ്കോലി ഡെപ്യൂട്ടി കളക്ടർ ചന്ദ്രകാന്ത് സൂര്യവംശിയാണ് പോലീസ് സബ് ഇൻസ്പെക്ടറായ സായ്നാഥ് അൻമോദിനെ ഉയർന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ വച്ച്‌ അപമാനിച്ചത്.

മഹാരാഷ്ട്രയിലെ ഇന്ദിര ചൗക്കിൽ കോവിഡ് ഡ്യൂട്ടിലിയുണ്ടായിരുന്ന എസ്.ഐ, ബീക്കൺ ലൈറ്റ് ഘടിപ്പിച്ച സ്വകാര്യ വാഹനമായ മഹീന്ദ്ര എക്സ്യുവി 300 കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടർന്ന് കാറിലുണ്ടായിരുന്ന ആളിനോട് സ്വാകര്യവാഹനത്തിൽ ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിയിച്ചു.

ഉടൻ തന്നെ കളക്ടർ വാഹനത്തിൽ നിന്നിറങ്ങി, നിങ്ങൾ എന്നെ നിയമം പഠിപ്പിക്കേണ്ടെന്ന് ആക്രോശിക്കുകയും പോലീസുകാർക്ക് നേരെ തട്ടിക്കയറുകയുമായിരുന്നു. ഇതേതുടർന്ന് പോലീസ് ഉദ്യോഗസ്ഥർ വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഷോർട്ട്സും ടി ഷർട്ടും ധരിച്ചായിരുന്നു കളക്ടറുടെ ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനത്തിലെ യാത്ര.

പോലീസ് സ്റ്റേഷനിലെത്തിയ ഡെപ്യൂട്ടി കളക്ടർ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് എസ്.ഐയെ അപമാനിക്കുകയും പിഴയൊടുക്കാതെ പോലീസ് സ്റ്റേഷനിൽ നിന്ന് പോകുകയുമായിരുന്നു. തുടർന്ന് നിയമം തെറ്റിച്ചതിനും ഉയർന്ന ഉദ്യോഗസ്ഥരുടെ മുന്നിൽ തന്നെ അപമാനിച്ചതിനും കളക്ടർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അൻമോദ് ഉയർന്ന ഉദ്യോഗസ്ഥർക്ക് കത്തെഴുതി.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സൂപ്രണ്ട്‌ യോഗേഷ് കുമാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പോലീസുകാരനെതിരേയുള്ള കളക്ടറുടെ നടപടിയെ അപലപിച്ചും കളക്ടർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്തെ രണ്ട് ലക്ഷത്തോളം വരുന്ന പോലീസുകാർ എസ്.ഐക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ആംബുലൻസ്, പോലീസ് പോലെയുള്ള എമർജൻസി വാഹനങ്ങളിലല്ലാതെ ബീക്കൺ ലൈറ്റുകളും സൈറനും നൽകുന്നത് നിയമവിരുദ്ധമാണ്. എന്നാൽ, ഈ നിർദേശം കാറ്റിൽപറത്തി നിരവധി ഉദ്യോഗസ്ഥർ തങ്ങളുടെ സ്വകാര്യ വാഹനങ്ങളിലുൾപ്പെടെ ബീക്കൺ ലൈറ്റുകൾ ഘടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Source: Cartoq

Content Highlights:Deputy Collector Abuse Police To Question Beacon Light In His Private Car