പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
സാധുവായ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റുകളില്ലാത്ത (പി.യു.സി.) വാഹന ഉടമകള്‍ക്കെതിരേ നടപടിക്ക് ഡല്‍ഹി സര്‍ക്കാര്‍. ഉടമകളുടെ വീടുകളിലേക്ക് നോട്ടീസ് അയക്കും. തുടര്‍ന്നും സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തവര്‍ക്ക് 10,000 രൂപ പിഴ ചുമത്താനും അധികൃതര്‍ തീരുമാനിച്ചു. പി.യു.സി. സര്‍ട്ടിഫിക്കറ്റുകളില്ലാത്ത വാഹനങ്ങള്‍ നഗരത്തില്‍ ഓടുന്നില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധനകളും വകുപ്പ് ഊര്‍ജിതമാക്കും.
കഴിഞ്ഞ പി.യു.സി. മാനദണ്ഡം കര്‍ശനമായി നടപ്പാക്കിയതിനാല്‍ വര്‍ഷം ഗതാഗത വകുപ്പ് 60 ലക്ഷത്തിലധികം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി അധികൃതര്‍ പറഞ്ഞു. നിലവില്‍ 13 ലക്ഷം ഇരുചക്രവാഹനങ്ങളും മൂന്നുലക്ഷം കാറുകളും ഉള്‍പ്പെടെ 17 ലക്ഷത്തിലധികം വാഹനങ്ങള്‍ സാധുവായ പി.യു.സി. ഇല്ലാതെ തലസ്ഥാനത്ത് ഓടുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ഇവരെ കണ്ടെത്തുന്നതുവഴി, പി.യു.സി. സര്‍ട്ടിഫിക്കേഷന്റെ വിശ്വാസ്യത മെച്ചപ്പെടുമെന്നും മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളെ തിരിച്ചറിയാനാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പിടിക്കപ്പെട്ടാല്‍, മോട്ടോര്‍ വാഹന നിയമപ്രകാരം ആറുമാസം വരെ തടവോ 10,000 രൂപവരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കാവുന്നതാണ്. കാര്‍ബണ്‍ മോണോക്സൈഡ്, കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്നിങ്ങനെ വിവിധ വാതകങ്ങള്‍ പുറന്തള്ളുന്നതിനാല് ഇടയ്ക്കിടെ പരിശോധിക്കണം.
ഡല്‍ഹിയില്‍ ഗതാഗതവകുപ്പ് നേരിട്ട് നടത്തുന്ന 900 മലിനീകരണ പരിശോധനാ കേന്ദ്രങ്ങളുണ്ട്. പെട്രോള്‍പമ്പുകളിലും വര്‍ക്ഷോപ്പുകളിലും ഇത്തരം സൗകര്യങ്ങളുണ്ട്. പെട്രോളും സി.എന്‍.ജി.യും ഉപയോഗിക്കുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങളില്‍ മലിനീകരണ പരിശോധനയ്ക്ക് 60 രൂപയാണ് ഫീസ്. നാലുചക്ര വാഹനങ്ങള്‍ക്ക് 80 രൂപയും. ഡീസല്‍ വാഹനങ്ങളുടെ മലിനീകരണ പരിശോധന സര്‍ട്ടിഫിക്കറ്റിന് 100 രൂപയാണ് ഫീസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..