ലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് പുറമെ, സംസ്ഥാനങ്ങളും സബ്‌സിഡി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടുത്തിടെയാണ് ഇ.വി.പോളിസി പ്രഖ്യാപിച്ചത്. എന്നാല്‍, വൈദ്യുതി വാഹനങ്ങള്‍ക്കായി ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന സബ്‌സിഡ് അവസാനിപ്പിച്ചതയാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 2020-ന്റെ തുടക്കത്തിലായിരുന്നു ഡല്‍ഹി സബ്‌സിഡ് പ്രഖ്യാപിച്ചത്.

ബാറ്ററിയുടെ ശേഷി അനുസരിച്ച് ഒരു കിലോവാട്ട് അവറിന് 10000 രൂപ എന്ന നിലയിലാണ് ഡല്‍ഹി സര്‍ക്കാര്‍ സബ്‌സിഡി അനുവദിച്ചിരുന്നത്. ഇതുവഴി വാഹനത്തിന്റെ വിലയില്‍ പരമാവധി 1.5 ലക്ഷം രൂപ വരെ സബ്‌സിഡിയായി ലഭിച്ചിരുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 1000 ഇലക്ട്രിക് കാറുകള്‍ക്ക് ആയിരിക്കും സബ്‌സിഡി ലഭ്യമാക്കുകയെന്നായിരുന്നു അറിയിച്ചിരുന്നത്. ആയിരം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതോടെയാണ് പദ്ധതി പിന്‍വലിക്കുന്നതെന്നാണ് വിവരം.

വിലയില്‍ ഇളവ് നല്‍കുന്നതിന് പുറമെ. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് ടാക്‌സ്, രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങിയവയും ഡല്‍ഹി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇലക്ട്രിക് കാറിന് പുറമെ, ഇ-സ്‌കൂട്ടറിനും വിലയില്‍ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. 5000/kWh എന്ന നിലയിലായിരുന്നു ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്‌സിഡി. വിലയില്‍ പരമാവധി 30,000 രൂപയുടെ ഇളവാണ് ഇതുവഴി ഇരുചക്ര വാഹനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇലക്ട്രിക് കാറുകള്‍ ഡല്‍ഹിയില്‍ പ്രചാരം നേടിക്കഴിഞ്ഞു. ഇനി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കും പൊതുഗതാഗതത്തിലേക്ക് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിനുമാണ് ശ്രദ്ധിക്കേണ്ടതെന്നാണ് ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗലേട്ട് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു കോടിയോളം വരുന്ന പൊതുഗതാഗത വാഹനങ്ങളാണ് ഡല്‍ഹിയിലുള്ളത്. മലിനീകരണത്തിന്റെ ഭൂരിഭാഗവും ഇത്തരം വാഹനങ്ങളാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി. 

ഇക്കഴിഞ്ഞ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത 1.5 ലക്ഷം വാഹനങ്ങളില്‍ 7869 എണ്ണം ഇലക്ട്രിക് വാഹനങ്ങളാണെന്നാണ് കണക്ക്. അതേസമയം, ഓഗസ്റ്റ് മുതല്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്ക് അനുസരിച്ച് 22,805 ഇ-വാഹനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ഏകദേശം 30,000 ഇലക്ട്രിക് വാഹനങ്ങളാണ് ഡല്‍ഹിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Source: HT Auto

Content Highlights: Delhi Government Stop Subsidy For Electric Vehicle, EV Policy In Delhi