വായുമലിനീകരണം നിയന്ത്രിക്കാനായി ആയിരം ഇ-ബസുകള്‍ അധികം വൈകാതെ നിരത്തിലിറക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാൾ പറഞ്ഞു. പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം. ഇലക്ട്രിക് വാഹനനയം സംബന്ധിച്ച് വിവിധ തലങ്ങളിലുള്ളവരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായുമലിനീകരണം നേരിടാന്‍ ഒറ്റയക്ക-ഇരട്ടയക്ക വാഹന നിയന്ത്രണം ശ്രമകരമായ പരീക്ഷണമായിരുന്നു. എന്നാല്‍, അതിനോട് ജനങ്ങള്‍ സഹകരിച്ചു. വായുമലിനീകരണം നിയന്ത്രിക്കാനുള്ള കടുത്ത തീരുമാനങ്ങളെടുക്കാന്‍ എ.എ.പി. സര്‍ക്കാര്‍ രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കും. 

അധികം വൈകാതെ ആയിരം ഇലക്ട്രിക് ബസുകള്‍ക്കുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും. നവംബര്‍ രണ്ടിന് ഇ-ബസ് പരീക്ഷണം ഗതാഗതമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. അടുത്ത അഞ്ചോ ആറോ മാസത്തിനുള്ളില്‍ ഇ-ബസ് നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍.

ഇലക്ട്രിക് വാഹനനയം ചര്‍ച്ച ചെയ്തതു തന്നെ ഈ രംഗത്തെ വലിയ ചുവടുവെയ്പാണെന്നു മുഖ്യമന്ത്രി പറഞ്ഞു. വായു മലിനീകരണം നിയന്ത്രിക്കാന്‍ പൊതുഗതാഗതത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കലാണ് ഒരു പോംവഴി. ഡല്‍ഹി മെട്രോ തുടങ്ങിയപ്പോള്‍ അത് കാര്യമായി ജനങ്ങള്‍ ഉപയോഗിക്കാന്‍തുടങ്ങി. ശുദ്ധവും കാര്യക്ഷമവുമായ പൊതുഗതാഗത മാര്‍ഗമാണ് മെട്രോയെന്നും അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെട്ടു.

electric bus

നഗരത്തില്‍ മൂവായിരം ബസുകള്‍ നിരത്തിലിറക്കാനുള്ള പദ്ധതിയിലാണ് സംസ്ഥാന സര്‍ക്കാര്‍. അതില്‍ ആയിരം ഇ-ബസുകളായിരിക്കും. അവ വന്നാല്‍ സാങ്കേതികമായും സാമ്പത്തികമായും ഗുണകരമാവും. ഭാവിയില്‍ ഇ-ബസുകള്‍ മാത്രമേ സര്‍ക്കാര്‍ വാങ്ങൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഇ-ബസ്സുകള്‍ പൊതുഗതാഗതത്തിനു രംഗത്തിറക്കുന്ന ആദ്യനഗരവും സംസ്ഥാനവും ഡല്‍ഹിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണപരവും നിയമപരവുമായി ഒട്ടേറെ വെല്ലുവിളിയുണ്ടാവും. അവയൊക്കെ പരിഹരിച്ചു മുന്നോട്ടുനീങ്ങും. ഡല്‍ഹിയിലെ പൊതുഗതാഗത അനുഭവം ലോകത്തിനു മുഴുവന്‍ പാഠമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ 25 ശതമാനവും ഇലക്ട്രിക്കായിരിക്കുമെന്ന് ഇ-വാഹന നയത്തില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളതായി ഗതാഗത കമ്മിഷണര്‍ വര്‍ഷ ജോഷി പറഞ്ഞു. 2023-ഓടെ ഇത് യാഥാര്‍ഥ്യമാവും. 

ഓട്ടോകള്‍ക്കും റിക്ഷകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കുമൊക്കെ ഇതു ബാധകമാക്കും. ഡല്‍ഹിയില്‍ എവിടെയും മൂന്നുകിലോമീറ്റര്‍ പരിധിയില്‍ ബാറ്ററി ചാര്‍ജുചെയ്യാനുള്ള സൗകര്യം, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ തുടങ്ങിയവയുണ്ടാവും.

Content Highlights: Delhi Government Buy 1000 Electric Buses For Public Transport