പ്രതീകാത്മക ചിത്രം
നഗരത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ പ്രതിമാസ തവണകളായി നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. ഊര്‍ജ മന്ത്രാലയത്തിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമായ കണ്‍വേര്‍ജന്‍സ് എനര്‍ജി സര്‍വീസസ് ലിമിറ്റഡു (സി.ഇ.എസ്.എല്‍.) മായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. ഇ-സൈക്കിളുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആദ്യ 10,000 വൈദ്യുത സൈക്കിള്‍ വാങ്ങുന്നവര്‍ക്ക് 5,500 രൂപ വരെ ഇളവ് ലഭിക്കും. ഇതിനുപുറമെ ആദ്യ 1,000 പേര്‍ക്ക് 2,000 രൂപയുടെ ഇളവും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള രണ്ട് ലക്ഷത്തിലധികം ജീവനക്കാരെ വകുപ്പടിസ്ഥാനത്തില്‍ വൈദ്യുത ഇരുചക്രവാഹനങ്ങള്‍ വാങ്ങാന്‍ ബോധവത്കരണം നടത്തും. മാസത്തവണകളായി പണമടച്ച് ഇ-വാഹനങ്ങള്‍ വാങ്ങാനുള്ള സൗകര്യം ഇവര്‍ക്ക് ലഭ്യമാക്കും. ജീവനക്കാരുടെ സൗകര്യാര്‍ഥം മുന്‍കൂറായി പണമടയ്ക്കാനും സാധിക്കും. വാഹനത്തിന്റെ പണം ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് കുറയ്ക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക.
കഴിഞ്ഞ നവംബര്‍ മുതല്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്ന് സി.ഇ.എസ്.എല്‍. അധികൃതര്‍ അറിയിച്ചു. കേരളം, ഗോവ, ആന്ധ്രാപ്രദേശ് സര്‍ക്കാരുകളുമായും കമ്പനി കരാറൊപ്പിട്ടിട്ടുണ്ട്. ദേശീയപാതകളിലുള്‍പ്പെടെ നഗരത്തിലെ ഇ-വാഹന ചാര്‍ജിങ് സൗകര്യം വികസിപ്പിക്കുന്നതിനും സി.ഇ.എസ്.എലിനാണ് ചുമതല. ഡല്‍ഹിയിലെ പുതിയ വാഹന രജിസ്ട്രേഷനുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും മോട്ടോര്‍സൈക്കിളുകളുള്‍പ്പെടെയുള്ള ഇരുചക്രവാഹനങ്ങളാണ്.
വില്ലന്‍ വായു മലിനീകരണം
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം നഗരത്തിലെ റോഡുകളില്‍ 1.33 കോടി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 67 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. ട്രക്കുകള്‍ക്കും ട്രാക്ടറുകള്‍ക്കും ശേഷം ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നത് ഇരുചക്രവാഹനങ്ങളാണ്. ഡല്‍ഹിയിലെ മൊത്തം മലിനീകരണത്തിന്റെ 41 ശതമാനവും വാഹനങ്ങളില്‍ നിന്നാണെന്ന് 2016-ല്‍ കാണ്‍പുര്‍ ഐ.ഐ.ടി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
ആകെ ഇരുചക്രവാഹനങ്ങളുടെ 15 ശതമാനം വൈദ്യുത ഇരുചക്രവാഹനങ്ങളാക്കുന്നതിലൂടെ പുറന്തള്ളുന്ന കാര്‍ബണ്‍ഡൈഓക്സൈഡ് 41 ശതമാനം കുറയ്ക്കമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ പഠനത്തിലും കണ്ടെത്തിയിരുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായി വൈദ്യുത വാഹനങ്ങളിലേക്ക് മാറാന്‍ നിരവധി പദ്ധതികളാണ് ഡല്‍ഹി സര്‍ക്കാര്‍ അവലംബിക്കുന്നത്.
2024ഓടെ മൊത്തം വാഹനവില്‍പ്പനയുടെ 25 ശതമാനം വൈദ്യുതവാഹനങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെ 2020 ഓഗസ്റ്റിലാണ് ഡല്‍ഹി വൈദ്യുത വാഹന നയം സര്‍ക്കാര്‍ അവതരിപ്പിച്ചത്. നയത്തിന്റെ ഭാഗമായി എല്ലാ വാഹനകച്ചവടക്കാരും 2023 മാര്‍ച്ചോടെ വിപണിയിലെത്തിക്കുന്ന ആകെ ഇരുചക്രവാഹനങ്ങളുടെ 50 ശതമാനവും നാല്ചക്ര വാഹനങ്ങളുടെ 25 ശതമാനവും ഇലക്ട്രിക് ആണെന്നും ഉറപ്പാക്കണം.
Content Highlights: Delhi Electric vehicle policy; Government employees to get electric two wheeler
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..