പ്രതീകാത്മക ചിത്രം | ഫോട്ടോ: സാബു സ്കറിയ
വൈദ്യുതവാഹനനയം ആരംഭിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ ഡല്‍ഹി രാജ്യത്തിന്റെ വൈദ്യുതവാഹനങ്ങളുടെ തലസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പുതിയ ഏഴ് വൈദ്യുതവാഹന ചാര്‍ജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ബുധനാഴ്ച നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 2020-ല്‍ ഡല്‍ഹി സര്‍ക്കാര്‍ ഈ നയം രൂപവത്കരിച്ചപ്പോള്‍ ഇത്രയും മികച്ച പ്രതികരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 25,809 വാഹനങ്ങള്‍ വിറ്റഴിച്ചു. ഈ വര്‍ഷം ഏഴ് മാസത്തിനുള്ളില്‍ 29,000 വാഹനങ്ങള്‍ വിറ്റു. ഇ-വാഹന വില്‍പ്പനയില്‍ 10 ശതമാനം കടന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഡല്‍ഹി മാറി. ഇരുചക്രവാഹനങ്ങളാണ് ഏറ്റവുംകൂടുതല്‍ വിറ്റഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഫാസ്റ്റ് ചാര്‍ജിങ്, സ്ലോ ചാര്‍ജിങ് എന്നിങ്ങനെ രണ്ടുതരത്തിലുള്ള ചാര്‍ജിങ് സൗകര്യങ്ങളാണ് സ്റ്റേഷനുകളില്‍ ഒരുക്കിയിരിക്കുന്നത്.
വേഗത്തില്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ഫാസ്റ്റ് ചാര്‍ജിങ്ങില്‍ ഒരു യൂണിറ്റ് വൈദ്യുതിക്ക് 10 രൂപ നല്‍കണം. സ്ലോ ചാര്ജിങ്ങിനാകട്ടെ യൂണിറ്റിന് മൂന്ന് രൂപയും. ആളുകള്‍ക്ക് അവരുടെ സമീപത്തുള്ള ചാര്‍ജിങ് സ്റ്റേഷനുകളെക്കുറിച്ച് വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2047-ഓടുകൂടി നഗരത്തിലെ വായുവും വെള്ളവും ശുദ്ധമാക്കാനുള്ള സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായാണ് പദ്ധതി.
നഗരത്തിലെ 600-ലധികം തടാകങ്ങളും ജലാശയങ്ങളും പുനരുജ്ജീവിപ്പിക്കാനുള്ള 750 കോടി രൂപയുടെ പദ്ധതിയിലൂടെ ആറായിരത്തിലധികം ഹരിത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. രാജ്യത്ത് 13.34 ലക്ഷം വൈദ്യുതവാഹനങ്ങള് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ അറിയിച്ചിരുന്നു. ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, തെലങ്കാന, ലക്ഷദ്വീപ് എന്നിവയുടെ ഡേറ്റ ഒഴിവാക്കിയുള്ളതാണ് ഈ കണക്കെന്ന് റോഡ് ഗതാഗത-ഹൈവേ മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ഏറ്റവുമധികം വൈദ്യുതവാഹനങ്ങള് രജിസ്റ്റര്‍ചെയ്ത സംസ്ഥാനം ഉത്തര്‍പ്രദേശാണ്. ആകെ 3.37 ലക്ഷം വൈദ്യുതവാഹനങ്ങളാണുള്ളത്. 1.56 ലക്ഷം വൈദ്യുതവാഹനങ്ങളുള്ള ഡല്‍ഹി തൊട്ടുപിന്നില്‍. കര്‍ണാടകയും മഹാരാഷ്ട്രയുമാണ് ഒരുലക്ഷത്തിലധികം വൈദ്യുതവാഹനങ്ങളുള്ള മറ്റ് രണ്ട് സംസ്ഥാനങ്ങള്‍. സര്‍ക്കാര്‍ ഡേറ്റ പ്രകാരം ഇന്ത്യന്‍ റോഡുകളിലെ മൊത്തം വാഹനങ്ങളുടെ 0.48 ശതമാനമാണ് വൈദ്യുതവാഹനങ്ങള്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..