ബിഎസ്-4 വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍(ഫാഡ) ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും. കോണ്‍ഫറന്‍സ് കോളിലൂടെ ഈ ഹര്‍ജി കേള്‍ക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതായി ഫാഡ എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്കിനെ അറിയിച്ചു. 

സുപ്രീം കോടതി വാഹന നിര്‍മാതാക്കള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഫാഡ പ്രസിഡന്റ് ആശിഷ് ഖാലെ പ്രത്യാശ പ്രകടിപ്പിച്ചു. കോടതിയുടെ തീരുമാനം പ്രതികൂലമായാല്‍ വില്‍ക്കാന്‍ കഴിയാത്ത വാഹനങ്ങളെല്ലാം ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം ഓട്ടോമൊബൈല്‍ പോര്‍ട്ടലായ കാര്‍ ആന്‍ഡ് ബൈക്കിനോട് പറഞ്ഞു.

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായി 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയിലിറങ്ങുന്ന വാഹനങ്ങളില്‍ ബിഎസ്-6 എന്‍ജിന്‍ നല്‍കണമെന്ന് 2018 ഒക്ടോബറിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍, ബിഎസ്-4 വാഹനങ്ങളുടെ സ്‌റ്റോക് വിറ്റഴിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫാഡ കോടതിയെ സമീപിക്കുകയും ഈ ആവശ്യം തള്ളുകയും ചെയ്തതാണ്.

എന്നാല്‍, കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡീലര്‍ഷിപ്പുകളും മറ്റും അടഞ്ഞ് കിടക്കുന്നത് കണക്കിലെടുത്താണ് തീയതി നീട്ടിനല്‍കണമെന്ന ആവശ്യവുമായി ഫാഡ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഏകദേശം 20,000 ഡീലര്‍ഷിപ്പുകളാണ് രാജ്യത്ത് അടഞ്ഞുകിടക്കുന്നത്.

Source: NDTV Car and Bike

Content Highlights: Dealers Seek Relief On BS4 Stocks; Supreme Court Agrees To Hear Petition