രൂപമാറ്റം വരുത്തിയ വാഹനം | ഫോട്ടോ; മാതൃഭൂമി
അപകടകരമാംവിധം വാഹനമോടിച്ച യുവാവിന്റെ ലൈസന്‍സ് ഒരുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ചെങ്കള പാണലത്തെ മുഹമ്മദ് റാഷിദി(19)ന്റെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്. വാഹനം അനധികൃതമായി രൂപമാറ്റം വരുത്തിയതിന് 15,000 രൂപ പിഴയും ഈടാക്കി. ഫെബ്രുവരി 26-നാണ് ഇയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചത്.
അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനം അപകടകരമായ രീതിയില്‍ ഓടിക്കുന്നത് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത് കാസര്‍കോട് കളക്ടര്‍ ഡോ. സജിത്ത് ബാബുവിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കളക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആര്‍.ടി.ഒ. എം.കെ.രാധാകൃഷ്ണനാണ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
കെ.എസ്.ടി.പി. ചന്ദ്രഗിരി റോഡില്‍ ചെമ്മനാട്ടുവെച്ചാണ് ഡിവൈഡര്‍ മറികടന്ന് എതിര്‍വശത്തേക്ക് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. എതിര്‍വശത്തുനിന്ന് വരികയായിരുന്ന ബൈക്ക് യാത്രക്കാരന്‍ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളും വാഹനത്തിന്റെ പിറകില്‍ തൂങ്ങിനില്‍പ്പുണ്ടായിരുന്നു.
എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞുള്ള വിദ്യാര്‍ഥികളുടെ ആഘോഷത്തില്‍ പങ്കുചേരാനാണ് മുഹമ്മദ് റാഷിദ് വാഹനവുമായെത്തിയത്. കാഞ്ഞങ്ങാട്ടുനിന്ന് വാടകയ്‌ക്കെടുത്ത വാഹനത്തിലാണ് രൂപമാറ്റം വരുത്തിയത്. വാഹന ഉടമയായ സ്ത്രീ ഗള്‍ഫിലാണ്. വീട്ടില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന പുത്തന്‍ വാഹനം ഉടമയറിയാതെ സഹോദരനാണ് വാടകയ്ക്ക് നല്‍കിയത്.
എന്‍ഫോഴ്സ്മെന്റ്് ആര്‍.ടി.ഒ. ടി.എം.ജഴ്സണിന്റെ നേതൃത്വത്തില്‍ എം.വി.ഐ. കെ.എം.ബിനീഷ് കുമാര്‍, എ.എം.വി.ഐ.മാരായ ഐ.ജി.ജയരാജ് തിലക്, എം.സുധീഷ്, എസ്.ആര്‍.ഉദയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് വാഹനം പിടികൂടിയത്. നിയമങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ. എ.കെ.രാധാകൃഷ്ണന്‍ അറിയിച്ചു.
Content Highlights: Dangerous Driving In Modified Vehicle; MVD Suspend Driving Licence
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..