ഐ.ടി. നഗരമായ കാക്കനാട് മേഖലയില്‍ കാറുകളിലും സൂപ്പര്‍ബൈക്കുകളിലും 'ചിറകുവെച്ച്' ഫ്രീക്കന്‍മാര്‍ വിലസുന്നു. രാത്രി പോലീസ് പരിശോധന ശക്തമല്ലാത്ത റോഡുകളിലാണ് ഇവര്‍ അപകടകരമാംവിധം വാഹനങ്ങള്‍ പായിക്കുന്നത്. കഴിഞ്ഞദിവസം കാതടപ്പിക്കുന്ന ശബ്ദവുമായി കറങ്ങിയിരുന്ന 'കാര്‍വിമാനം' പിടികൂടിയതാണ് ഒടുവിലത്തെ സംഭവം. വിമാനത്തിന്റേതെന്നു തോന്നുന്ന ശബ്ദവുമായി അമിത വേഗത്തില്‍ കാക്കനാട്ടെ വിവിധ റോഡുകളിലൂടെ പാഞ്ഞ കാര്‍, നാട്ടുകാരുടെ ചെവിപൊട്ടിക്കാന്‍ പോന്നതായിരുന്നു.

ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ് ഹൈവേ, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് എന്നിവിടങ്ങളില്‍ രാത്രിയും പകലും കാറുകളിലും 1000 സി.സി.ക്ക് മേലുള്ള ബൈക്കുകളിലും റേസിങ് സംഘങ്ങള്‍ സജീവമാണ്. കാതടപ്പിക്കുന്ന തരത്തില്‍ വലിയ ശബ്ദത്തോടെയാണിവര്‍ വാഹനങ്ങള്‍ പായിക്കുന്നത്. വാഹനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ മൂലം പുകക്കുഴലില്‍ നിന്നും തീ തുപ്പുന്നതും കാണാം. അമിതവേഗത്തില്‍ പായുന്ന ഇവരെ പിടികൂടാനോ ഫോട്ടോ എടുക്കാനോ സാധിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

സൂപ്പര്‍ബൈക്കുകളുടെ മത്സരയോട്ടത്തിന് തടയിടാന്‍ പോലീസും മോട്ടോര്‍വാഹന വകുപ്പും നേരത്തേ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. പരിശോധന കുറഞ്ഞതോടെയാണ് യുവാക്കള്‍ വീണ്ടും തലപൊക്കിയത്. ദേശീയപാതയില്‍ ഗോള്‍ഡ് സൂക്ക് മുതല്‍ ഇടപ്പള്ളി വരെയുള്ള ഭാഗം, ചാത്യാത്ത് റോഡ്, ഗോശ്രീ വല്ലാര്‍പാടം, കടവന്ത്ര ഗാന്ധിനഗര്‍, കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ പിന്‍വശം എന്നിവിടങ്ങളില്‍ യുവാക്കളുടെ അഭ്യാസപ്രകടനങ്ങള്‍ ഒരിടയ്ക്ക് സ്ഥിരം കാഴ്ചയായിരുന്നു. 

ഇതിനെതിരേ റസിഡന്റ്സ് അസോസിയേഷനുകള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് മത്സര ഓട്ടം ശമിച്ചത്. പാഞ്ഞുനടക്കുന്നവരിലേറെയും 18-24 വയസ്സുള്ള വിദ്യാര്‍ഥികളാണ്. മേഖലയില്‍ ശക്തമായിവരുന്ന മയക്കുമരുന്ന് ലോബിയുമായും ഇവരില്‍ പലര്‍ക്കും ബന്ധമുണ്ടെന്നാണ് സൂചന. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ഒത്തുചേര്‍ന്ന് ബൈക്ക് റേസ് നടത്തുന്നവരും രംഗത്തുണ്ട്.

രൂപമാറ്റം വരുത്തിയാല്‍ പിഴ ഇങ്ങനെ

ബൈക്കിലും കാറിലും രൂപമാറ്റം വരുത്തുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴ. ഓരോ രൂപമാറ്റത്തിനും 5,000 രൂപയാണ് പിഴ ഈടാക്കുന്നത്. അലക്ഷ്യമായ െഡ്രൈവിങ് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കുള്ള ശിക്ഷ പിന്നീട് കോടതി തീരുമാനിക്കും. ഇത് ലൈസന്‍സ് റദ്ദാക്കല്‍ മുതല്‍ വാഹനം പിടിച്ചെടുക്കല്‍ വരെയാകാം. സൈലന്‍സറിലും ലൈറ്റുകളിലും രൂപമാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ 10,000 രൂപയാണു പിഴ. സൈലന്‍സര്‍ മാറ്റിയതിന് 5,000, ലൈറ്റ് മാറ്റിയതിന് 5,000. വേറെ ഏതെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ അതിനും നല്‍കണം 5,000.

Content Highlights: Dangerous driving, Illegal modifications in cars and bikes, bike alterations, Sound modifications