സൈക്കിളുമായി പോകുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്. വാഹനത്തിന് പിറകില്‍ ഘടിപ്പിക്കുന്ന സൈക്കിളുകള്‍ക്ക് മുകളിലായാണ് നമ്പര്‍പ്ലേറ്റ് സ്ഥാപിക്കേണ്ടത്. നിയമം ലംഘിച്ചാല്‍ 400 ദിര്‍ഹമാണ് പിഴ. ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് പോലീസ് മുന്നറിയിപ്പ് വീണ്ടും നല്‍കുന്നത്. 

വാഹനത്തിന് പിറകില്‍ സൈക്കിളുകള്‍ ഘടിപ്പിച്ചാല്‍ സാധാരണ നമ്പര്‍പ്ലേറ്റുകള്‍ മറയുന്നതിനാലാണ് ഇത്. ഗതാഗത ബോധവത്കരണത്തിന്റെ ഭാഗമായാണ് മുന്നറിയിപ്പുകള്‍ ആവര്‍ത്തിക്കുന്നതെന്ന് അബുദാബി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സിലെ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അല്‍ ബുറൈക് അല്‍ അമീരി പറഞ്ഞു.

അതുപോലെ തന്നെ വാഹനത്തിന് പിറകില്‍ ഘടിപ്പിക്കുന്ന ട്രെയിലറുകളുടെ സുരക്ഷയുറപ്പാക്കിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓരോ വാഹനത്തിനും അനുയോജ്യമായ ട്രെയിലറുകള്‍ തന്നെ ഉപയോഗിക്കണം. അതിന് പിറകില്‍ ബ്രേക്ക് ലൈറ്റുകളും റിഫ്‌ലക്ടറുകളും സ്ഥാപിക്കണം. 

പ്രത്യേക നമ്പര്‍പ്ലേറ്റ് ഇതിനോട് ചേര്‍ന്ന് നിര്‍ബന്ധമായുമുണ്ടാകണം. ട്രെയിലറുകള്‍ ഉപയോഗിക്കുന്നതിനായുള്ള പ്രത്യേക അനുമതി നേടുകയോ, മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊള്ളുകയോ ചെയ്യാത്ത വാഹന ഉപയോക്താക്കള്‍ക്ക് ഗതാഗതനിയമം ആര്‍ട്ടിക്കിള്‍ 96 പ്രകാരം 1000 ദിര്‍ഹം പിഴ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി.

Content Highlights: Cycle stand fitted in car, trailer use in cars, Abu Dhabi police, Safety instructions