അരിയല്ലൂർ ജി.യു.പി.സ്കൂളിൽ സൈക്കിൾ പരിശീലനം നടത്തുന്ന കുട്ടികൾ-ഫോട്ടോ: കെ.ബി. സതീഷ് കുമാർ
'നമുക്കെന്തിനാ പുകതുപ്പുന്ന വണ്ടികള്‍, സൈക്കിളില്‍ വരാന്‍ എന്തുരസാ, ഒട്ടും പുകയില്ല, നല്ലൊരു വ്യായാമവും...', പുതിയ സൈക്കിളിന് ടീച്ചറുടെ കൈയില്‍ പേരുനല്കുമ്പോള് ആറ്-സിയിലെ ഘനശ്യാം പറഞ്ഞു. 'ശരിയാ ഞങ്ങളും ഇനി സൈക്കിളിലേ ഉള്ളൂ...', കൂട്ടുകാരായ മുഹമ്മദ് അന്‍സിലും ഷഹനയും ദേവനന്ദയുമെല്ലാം സൈക്കിളിന് പേരുനല്കാന് ടീച്ചര്‍ക്കുചുറ്റും കൂടി.
ഒന്നും രണ്ടുമല്ല നൂറിലേറെ കുട്ടികളാണ് മലപ്പുറം ജില്ലയിലെ അരിയല്ലൂര്‍ ജി.യു.പി.സ്കൂളില്‍ പുതിയ സൈക്കിള്‍ വാങ്ങാന്‍ പേരുനല്‍കിയത്. സൈക്കിള്‍ വാങ്ങാന്‍ ഇവര്‍ക്കൊക്കെ എങ്ങനെ പണംകിട്ടും എന്നല്ലേ? 'സിംപിളാ'ണ്... അരിയല്ലൂരിലെ സര്‍വീസ് സഹകരണബാങ്കുമായി ചേര്‍ന്ന് പി.ടി.എ. അതിനൊരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
പലിശയില്ലാതെ വായ്പകൊടുക്കുന്ന പദ്ധതി. പത്തുതവണകളായി തുക തിരിച്ചടച്ചാല്‍മതി. സൈക്കിളിന്റെ വിലയനുസരിച്ച് തവണകളില്‍ മാറ്റങ്ങളുണ്ടാകുമെന്നുമാത്രം. 5000 രൂപ വിലയുള്ള സൈക്കിളാണ് വാങ്ങുന്നതെങ്കില്‍ പത്തുമാസം അഞ്ഞൂറുരൂപവീതം ബാങ്കിന് അടച്ചാല്‍മതി. എല്ലാമാസവും ഒരുദിവസം ബാങ്കിന്റെ പ്രതിനിധി സ്കൂളില്‍വന്ന് പണംപിരിക്കും.
കൊറോണ നിയന്ത്രണംമൂലമുള്ള അവധികഴിഞ്ഞ് സ്കൂള്തുറന്നാലുടന് സൈക്കിള്കമ്പനിക്കാര് പല മോഡലുകളുമായി സ്കൂളിലെത്തും. കുട്ടികള്‍ക്ക് ഇഷ്ടമുള്ള മോഡല്‍ തിരഞ്ഞെടുക്കാം. പലിശയില്ലാവായ്പയായി അനുവദിക്കുന്ന പണം ബാങ്ക് തന്നെ സൈക്കിള്കമ്പനിക്ക് കൈമാറും. അതോടെ ചങ്കന്മാര്‍ക്ക് പുതുപുത്തന്‍ സൈക്കിളുമായി സവാരിതുടങ്ങാം.
കയറ്റിറക്കങ്ങള്‍ കുറഞ്ഞ തീരമേഖലയായതുകൊണ്ട് കുട്ടികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ സൈക്കിളില്വന്നുപോകാമെന്ന് പ്രഥമാധ്യാപിക ടി. ഉഷ പറഞ്ഞു. എണ്‍പതോളം കുട്ടികള്‍ നിലവില്‍ സ്കൂളിലേക്ക് സൈക്കിളില്വരുന്നുണ്ട്. ഇപ്പോള്പേരുതന്ന നൂറിലേറെപ്പേരും ഇനി പേരുതരാനിരിക്കുന്നവരും ചേര്‍ന്ന് സ്കൂളിലൊരു സൈക്കിള്വിപ്ലവംതന്നെ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
1080 കുട്ടികളാണ് സ്കൂളിലുള്ളത്. നാനൂറുപേരെങ്കിലും പദ്ധതിയില്‍ ചേരാന്‍ സാധ്യതയുണ്ട്. സ്കൂളിനുപിന്നില് ഒഴിഞ്ഞുകിടക്കുന്ന സ്ഥലം സൈക്കിള്സ്റ്റാന്ഡാക്കുമെന്നും പ്രഥമാധ്യാപിക പറഞ്ഞു.
'പ്രകൃതിസൗഹൃദനിലപാടുകള് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള പരിശീലനംകൂടിയാണിത്...', അധ്യാപികയും സ്കൂളിലെ മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്ററുമായ സി.പി. ബേബി പദ്ധതിയുടെ ലക്ഷ്യം വ്യക്തമാക്കി. പി.ടി.എ.പ്രസിഡന്റ് വിനയന് പാറോല്‍ ആണ് ഇങ്ങനെയൊരാശയം മുന്നോട്ടുവെച്ചത്. എല്ലാവരും അത് ഏറ്റെടുത്തതോടെ 'സൈക്കിള്വിപ്ലവം' വേഗത്തിലായി.
Content Highlights: Cycle Ride For School Students; Interest Free Loan For Students To Buy Cycle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..