പ്രില്‍ മാസത്തില്‍ രാജ്യത്തെ വാഹന രജിസ്‌ട്രേഷനില്‍ 32 ശതമാനം ഇടിവുണ്ടായതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ) വ്യക്തമാക്കി. 2019 ഏപ്രിലിലെ കണക്കുമായി നോക്കുമ്പോഴാണ് ഇത്രയും ഇടിവ്. 2020 ഏപ്രിലില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ വാഹന വില്‍പ്പന നടന്നിരുന്നില്ല. 

യാത്രാ വാഹന രജിസ്‌ട്രേഷനില്‍ ഇത്തവണ 11 ശതമാനമാണ് ഇടിവെന്നും സംഘടന പറയുന്നു. കോവിഡ് രണ്ടാം വ്യാപനത്തില്‍ രാജ്യത്തെ സുപ്രധാന വിപണികളെല്ലാം ലോക്ഡൗണിലേക്കു നീങ്ങിയതാണ് രജിസ്‌ട്രേഷന്‍ കുറയാന്‍ കാരണമായതെന്ന് ഫാഡ പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി പറഞ്ഞു.

ഫാഡയുടെ കണക്കു പ്രകാരം ട്രാക്ടറുകളുടെ രജിസ്‌ട്രേഷനില്‍ മാത്രമാണ് നേരിയ വളര്‍ച്ച പ്രകടമായത്. 2019 ഏപ്രിലിലെ 36,984 എണ്ണത്തില്‍നിന്ന് 3.52 ശതമാനം ഉയര്‍ന്ന് 38,285 എണ്ണത്തിലെത്തി. മുച്ചക്ര വാഹന രജിസ്‌ട്രേഷന്‍ 55.59 ശതമാനം കുറഞ്ഞ് 21,636 എണ്ണമായി. 2019 ഏപ്രിലിലിത് 48,722 എണ്ണമായിരുന്നു. 

ഇരുചക്ര വാഹനങ്ങളുടേത് 13.38 ലക്ഷത്തില്‍നിന്ന് 8.65 ലക്ഷമായി കുറഞ്ഞു. 35.35 ശതമാനം ഇടിവ്. വാണിജ്യ വാഹന രജിസ്‌ട്രേഷനില്‍ ഇടിവ് 34.58 ശതമാനമാണ്. 2019 ഏപ്രിലിലെ 78,630 എണ്ണത്തില്‍ നിന്ന് 51,436 എണ്ണമായി ചുരുങ്ങി. യാത്രാ വാഹന രജിസ്‌ട്രേഷന്‍ രണ്ടു വര്‍ഷം മുമ്പത്തെ 2.36 ലക്ഷത്തില്‍നിന്ന് 2.08 ലക്ഷമായി കുറഞ്ഞു. 11.56 ശതമാനം ഇടിവ്.

അതേസമയം, 2021 മാര്‍ച്ചിനെ അപേക്ഷിച്ച് ഇടിവ് 25.33 ശതമാനമാണ്. ഏപ്രിലിലെ മൊത്തം വാഹന രജിസ്‌ട്രേഷന്‍ 11.85 ലക്ഷമാണ്. 2019 ഏപ്രിലിത് 17.38 ലക്ഷവും. 31.83 ശതമാനമാണ് കുറവ്. രാജ്യത്തെ 15,000 വാഹന ഡീലര്‍മാരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഫാഡ. വാഹന വില്‍പ്പനയുടെ 90 ശതമാനം വിപണി വിഹിതവും ഫെഡറേഷനു കീഴിലുള്ള ഡീലര്‍മാരുടേതാണ്.

Content Highlights: Covid Second Wave and Lockdown Vehicle Registration Report Decline In April 2021