ആലപ്പുഴ: ക്രിമിനല്‍ കേസില്‍ തൊണ്ടിമുതലായി കോടതിവളപ്പുകളില്‍ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങള്‍ കോടതികള്‍ക്ക് അസൗകര്യമാകുന്നതായി ഹൈക്കോടതി. പ്രശ്‌നം അടിയന്തരമായി പരിഹരിക്കാനും വാഹനങ്ങള്‍ എത്രയുംവേഗം കോടതിവളപ്പില്‍നിന്ന് മാറ്റാനും ജില്ലാ ജഡ്ജിമാര്‍ക്കും മജിസ്ട്രേറ്റുമാര്‍ക്കും ഹൈക്കോടതി നിര്‍ദേശംനല്‍കി. 

തൊണ്ടിമുതലുകളായ 80 ശതമാനം വാഹനങ്ങളും ഓടിക്കാനാകാത്തവിധം നശിച്ചവയാണ്. കേസ് തീര്‍പ്പാവുന്ന ഘട്ടത്തില്‍ തൊണ്ടിവാഹനം പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത കാരണത്താല്‍ നിശ്ചിതദിവസം കോടതിതന്നെ ലേലംചെയ്ത് വിറ്റതായി രേഖപ്പെടുത്തണം.

വാഹനം റോഡിലിറക്കാന്‍ കഴിയാത്തതെന്ന് ബോധ്യപ്പെട്ടാല്‍ കോടതികള്‍ മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് വണ്ടിയുടെ സ്ഥിതി സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കണം. രജിസ്ട്രേഷന്‍ റദ്ദാക്കിയാല്‍ ഇത്തരം വാഹനങ്ങള്‍ ആക്രിവിലയ്ക്ക് ലേലത്തില്‍ വിറ്റ് ഒഴിവാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കോടതികളില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ സ്ഥലമില്ലാതായതോടെ പോലീസ് കൊണ്ടുവരുന്ന വാഹനങ്ങളെല്ലാം സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിക്കാനാണ് കോടതികള്‍ നിര്‍ദേശിക്കുന്നത്. ഇതോടെ പോലീസ് സ്റ്റേഷന്‍വളപ്പുകളും തൊണ്ടിവാഹനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ വാഹനങ്ങളാണ് ഇങ്ങനെ മഴയും വെയിലുമേറ്റ് നശിക്കുന്നത്.