പ്രതീകാത്മക ചിത്രം
കോവിഡ് രണ്ടാം തരംഗമെത്തിയതോടെ സ്വകാര്യ ബസ് ഉടമകള്‍ വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ജി ഫോം നല്‍കി ബസുകള്‍ ഷെഡ്ഡിലാക്കാനുള്ള ആലോചനയിലാണ് ബസ്സുടമകളിലേറെയും. റോഡ് നികുതി ഒഴിവാക്കണമെന്ന ആവശ്യത്തില്‍ തീരുമാനമായിട്ടില്ല. മേയ് 14 ആണ് രണ്ടാം പാദവാര്‍ഷിക നികുതി അടയ്ക്കാനുള്ള അവസാന തീയതി.
നികുതി ഒഴിവാക്കിയില്ലെങ്കില്‍ വാഹനങ്ങളേറെയും ഷെഡ്ഡില്‍ കയറും. മേയ് മുതല്‍ സര്‍വീസ് നിര്‍ത്തണമെങ്കില്‍ ഈ മാസം അവസാനം ജി ഫോമിനായി അപേക്ഷിക്കണം. എന്നാല്‍, നികുതി സംബന്ധിച്ച് തീരുമാനം വരാത്തതിനാല്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഉടമകളും ആശങ്കയിലാണ്. ജി ഫോം കൊടുക്കുന്ന കാര്യത്തെപ്പറ്റി സംഘടനകള്‍ തീരുമാനം എടുത്തിട്ടില്ല.
സര്‍വീസ് നിര്‍ത്തേണ്ട എന്നാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഉടമകള്‍ നഷ്ടം സഹിച്ച് സര്‍വീസ് നടത്തുന്നതിനെ സംഘടനകള്‍ അനുകൂലിക്കുന്നുമില്ല. റോഡ് നികുതി അടയ്‌ക്കേണ്ട സ്ഥിതി വന്നാല്‍ ബസ്സുടമകളുടെ നടുവൊടിയും. ബസ്സോട്ടം ലാഭകരമല്ലാത്ത സാഹചര്യത്തില്‍ 25,000 രൂപ മുതല്‍ 36,000 രൂപ വരെ ഓരോ ബസിനും നികുതി അടയ്‌ക്കേണ്ടി വരും.
നവംബര്‍ മുതല്‍ തിരിച്ചുവരവിന്റെ പാതയിലായിരുന്നു. ഈ വര്‍ഷം ആദ്യ പാദവാര്‍ഷികത്തില്‍ റോഡ് നികുതി ഒഴിവാക്കിയിരുന്നു. ഏപ്രില്‍ രണ്ടാംവാരം മുതലാണ് സ്ഥിതി മോശമായത്. സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും വര്‍ക്ക് അറ്റ് ഹോം പുനരാരംഭിക്കുകയും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്തതോടെ യാത്രക്കാര്‍ തീരെ കുറഞ്ഞു. ഇതോടെ നഷ്ടം കൂടി.
നികുതി ഒഴിവാക്കണം
സീറ്റിലിരുത്തി ആളുകളെ കൊണ്ടുപോയാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ മുതല്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ കോവിഡ് പ്രശ്‌നം തീരുംവരെ റോഡ് നികുതി ഒഴിവാക്കണം. ഡീസല്‍ സബ്സിഡി എന്ന ആവശ്യവും പരിഗണിക്കണം.
- എം.ബി. സത്യന്‍ (പ്രസിഡന്റ്, കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍)
Content Highlights: Covid-19; Private Buses Stop Service and Give G-Form
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..