-
കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഒരേ ഒരു വാഹന നിര്‍മാതാക്കളെ ഇന്ത്യയിലുണ്ടാവൂ, അത് മഹീന്ദ്രയാണ്. വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വെന്റിലേറ്ററും അതിനുപിന്നാലെ ഫെയ്സ് ഷീല്‍ഡും മാസ്കും നിര്‍മിച്ച മഹീന്ദ്ര ഏറ്റവുമൊടുവില്‍ സാനിറ്റൈസറും നിര്‍മിക്കുകയാണ്.
ലോകത്തുള്ള എല്ലാ വാഹനനിര്‍മാതാക്കളും പ്ലാന്റുകള്‍ അടച്ചതോടെ മഹീന്ദ്ര രോഗികളെയും ആരോഗ്യപ്രവര്‍ത്തകരെയും സഹായിക്കുന്നതിനായി പ്ലാന്റുകള്‍ തുറക്കുകയായിരുന്നു. 7500 രൂപ മാത്രം ചിലവ് വരുന്ന വെന്റിലേറ്റര്‍ ഒരുങ്ങിയതിന് പിന്നാലെ ഏതാനും സ്റ്റാര്‍ട്ട്അപ്പുകളുടെ സഹായത്തോടെയാണ് ഫെയ്സ്ഷീല്‍ഡുകള്‍ ഒരുക്കിയത്.
മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് എസ്.പി ശുക്ലയാണ് മഹീന്ദ്ര നിര്‍മിക്കുന്ന സാനിറ്റൈസറിന്റെ വിവരം ട്വിറ്ററില്‍ കുറച്ചത്. സാനിറ്റൈസര്‍ നിര്‍മാണത്തിന് മുന്നിട്ടിറങ്ങിയ എന്റെ സഹപ്രവര്‍ത്തകരെ ഞാന്‍ അഭിനന്ദിക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ടെസ്റ്റിങ്ങ് നടപടികള്‍ പൂര്‍ത്തിയായി ലൈസന്‍സ് ലഭിച്ചാല്‍ ഇത് വിപണിയിലെത്തുമെന്നാണ് സൂചന.
സാനിറ്റൈസര്‍ നിര്‍മിച്ച മഹീന്ദ്രയുടെ ടീമിനെയും നേതൃത്വം നല്കിയ ചെയര്‍മാനേയും അഭിനന്ദിച്ച് മഹീന്ദ്ര എംഡി ആനന്ദ് മഹീന്ദ്രയും രംഗത്തെത്തിയിട്ടുണ്ട്. താങ്കളുടെ ടീമിനെ ഞാനും അഭിനന്ദിക്കുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെ ഉയര്‍ത്തെഴുന്നേല്‍ക്കണമെന്ന് നിങ്ങള്‍ കാണിച്ചുതന്നിരിക്കുന്നെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
അവശ്യ സാധനങ്ങളും മരുന്നുകളും മറ്റും എത്തിക്കുന്നതിനുള്ള സഹായത്തിനായി മഹീന്ദ്രയുടെ ഐടി വിഭാഗമായ ടെക് മഹീന്ദ്ര കൊറോണവൈറസ് ഓണ്‍ലൈന്‍ മൂവ്മെന്റ് പാസ് സിസ്റ്റം (കോംപസ്) സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാരും സമാനമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു.
Content Highlights: Covid-19; After Ventilator and Face Shield, Mahindra Making Hand Sanitizers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..