സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണനടപടികള്‍ പുരോഗമിക്കുമ്പോഴും, ആളുകളുമായി നേരിട്ടിടപഴകേണ്ടിവരുന്ന സ്വകാര്യബസ് ജീവനക്കാര്‍ക്ക് പരിഗണനയില്ല. സംസ്ഥാനത്ത് കോവിഡ് രണ്ടാംതരംഗം രൂക്ഷമാവുന്നതിനുമുമ്പുതന്നെ തൊഴിലാളിസംഘടനകളും ബസ്സുടമാ സംഘടനകളും ഈ ആവശ്യമുന്നയിച്ച് തൊഴില്‍മന്ത്രി, മോട്ടോര്‍വാഹന തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്നിവരടക്കമുളളവര്‍ക്ക് നല്‍കിയ നിവേദനങ്ങളും പരിഗണിക്കപ്പെട്ടില്ല.

ഇതിനിടെ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ഘട്ടംഘട്ടമായി നല്‍കുന്ന വാക്‌സിന്‍ വിതരണനടപടികള്‍ വിവിധ ജില്ലകളില്‍ നടന്നുവരുന്നുണ്ട്. ഇക്കൂട്ടത്തില്‍ സ്വകാര്യബസ്സുകളിലെ അംഗീകൃത തൊഴിലാളികളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.

കോവിഡ് ആദ്യഘട്ടത്തിലെ അടച്ചിടലിനുശേഷം കൃത്യമായ ഇടവേളകളില്‍ സ്വകാര്യബസ്സുകള്‍ അണുവിമുക്തമാക്കിയാണ് സര്‍വീസ് നടത്തിയിരുന്നത്. തുടക്കത്തില്‍ വളരെ കുറച്ച് സ്വകാര്യ ബസ്സുകളാണ് നിരത്തിലിറങ്ങിയതെങ്കിലും പിന്നീട് പല ഘട്ടങ്ങളിലായി സംസ്ഥാനത്ത് 80 ശതമാനം വണ്ടികളും ഓടിത്തുടങ്ങിയിരുന്നു. ഈ സമയത്താണ് കോവിഡ് രണ്ടാംതരംഗമെത്തി വീണ്ടും അടച്ചിടല്‍ ആരംഭിച്ചത്.

ഇതിനിടെ, വിവിധ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്കടക്കം വാക്‌സിന്‍ വിതരണം നടന്നു. സംസ്ഥാനത്തെ 15,000-ത്തോളം വരുന്ന സ്വകാര്യ ബസ്സുകളില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായി 300,00-ത്തോളം തൊഴിലാളികളാണ് ഉള്ളതെന്ന് ജീവനക്കാര്‍ പറയുന്നു. ഇതില്‍ കുറച്ചുപേര്‍ക്ക് മാത്രം വിവിധ പ്രായപരിധിയില്‍പ്പെട്ടവരുടെ കൂട്ടത്തില്‍ വാക്‌സിന്‍ ലഭിച്ചെങ്കിലും ജീവനക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും ഈ സൗകര്യം ലഭ്യമായിട്ടില്ല.

അടച്ചിടല്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്ന സാഹചര്യത്തില്‍ സ്വകാര്യബസ്സുകള്‍ നിരത്തിലിറങ്ങേണ്ടിവരും. ഇതോടെ ജീവനക്കാര്‍ക്ക് നിരവധി യാത്രക്കാരുമായി ദിനംപ്രതി ഇടപഴകേണ്ടിയും വരും. ഇത്തരം സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനായി ക്ഷേമനിധിയില്‍ അംഗങ്ങളായി അംഗീകൃത തൊഴിലാളികള്‍ക്കെങ്കിലും വാക്‌സിന്‍ വിതരണം അനിവാര്യമാണെന്ന് തൊഴിലാളികള്‍ പറയുന്നു. സ്വകാര്യബസ് കണ്ടക്ടറായ ഷൊര്‍ണൂര്‍ സ്വദേശി ഷിന്റോ ജോര്‍ജിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പട്ടികജാതി, പട്ടികവര്‍ഗ, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് നിവേദനം നല്‍കിയിട്ടുണ്ട്. ആവശ്യമായ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് പരാതി കൈമാറുമെന്ന് മന്ത്രി പറഞ്ഞു.

Content Highlights: Covid Vaccine; Private Bus Employees Not In Priority List