മൂഹത്തെയൊന്നാകെ തകര്‍ത്തെറിഞ്ഞ കോവിഡ് മഹാമാരിയെ നേരിടാന്‍ ഓരോരുത്തരും അവരാല്‍ കഴിയുംവിധം കച്ചമുറുക്കി ഇറങ്ങുകയാണ്. ഇവിടെയിതാ കൊച്ചിയിലെ കുറച്ച് ഓട്ടോ തൊഴിലാളികള്‍ കോവിഡ് ബാധിതരെ ആശുപത്രിയിലെത്തിക്കാനും മരുന്നുകള്‍ വിതരണം ചെയ്യാനും വൈദ്യസഹായം ലഭ്യമാക്കാനുമായി ഓട്ടോറിക്ഷകളെ താത്കാലിക ആംബുലന്‍സുകളാക്കി മാറ്റുകയാണ്.

പ്രത്യേകം പരിശീലനം നല്‍കിയ 18 ഓട്ടോ ഡ്രൈവര്‍മാരാണ് കൊച്ചി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഈ പദ്ധതിയില്‍ പങ്കാളികളായിട്ടുള്ളത്. പി.പി.ഇ. വസ്ത്രമണിഞ്ഞുകൊണ്ടാണിവര്‍ ഓട്ടോയെ നയിക്കുക. പോര്‍ട്ടബിള്‍ ഓക്‌സിജന്‍ കാബിനുകളും പള്‍സ് ഓക്‌സി മീറ്ററും ഇന്‍ഫ്രാ റെഡ് തെര്‍മോമീറ്ററുമടക്കമുള്ള സംവിധാനങ്ങള്‍ ഓട്ടോ ആംബുലന്‍സുകളിലുണ്ട്.

എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുന്നത്. ഇന്തോ-ജര്‍മന്‍ ഗ്രീന്‍ മൊബിലിറ്റി പാര്‍ട്ണര്‍ഷിപ്പിന്റെ കീഴില്‍ ജി.ഐ.സെഡിന്റെ സാങ്കേതിക-സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 24 മണിക്കൂറും ഓട്ടോ ആംബുലന്‍സ് സേവനം ലഭ്യമാണ്. പള്ളുരുത്തി, ഇടപ്പള്ളി, സെന്‍ട്രല്‍ പാലാരിവട്ടം, വൈറ്റില, പച്ചാളം എന്നിവിടങ്ങളിലായി ആദ്യഘട്ടത്തില്‍ എട്ട് ഓട്ടോ ആംബുലന്‍സുകള്‍ ഓടും.

കോര്‍പറേഷന്റെ കോവിഡ് വാര്‍ റൂമില്‍ ലഭിക്കുന്ന കോളുകളുടെ അടിസ്ഥാനത്തിലാണ് ഓട്ടോ ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുക. ഓട്ടോ ആംബുലന്‍സ് പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായും ഓഫ്ലൈനായുമാണ് നടന്നത്. മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ അധ്യക്ഷത വഹിച്ചു. ജി.ഐ.സെഡിന്റെ ക്ലസ്റ്റര്‍ ഹെഡ് ഏണസ്റ്റ് ഡൊറാങ് മുഖ്യാതിഥിയായി.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ടി.കെ. അഷറഫ്, പി.ആര്‍. റെനീഷ്, സനില്‍മോന്‍ ജെ., വി.എ. ശ്രീജിത്ത്, ഷീബലാല്‍, കൗണ്‍സിലര്‍മാര്‍, എറണാകുളം ജില്ലാ ഓട്ടോ റിക്ഷാ ഡ്രൈവേഴ്സ് സഹകരണ സംഘം പ്രസിഡന്റ് എം.ബി. സ്യമന്തഭദ്രന്‍, സെക്രട്ടറി ഇബ്രാഹിംകുട്ടി, സൊസൈറ്റി ബോര്‍ഡ് അംഗങ്ങള്‍, എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ഷാജി മാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: Covid Seconfd Wave; Auto Ambulance Drivers In Kochi, Auto Ambulance