കോവിഡ് വ്യാപനമേറുമ്പോള്‍ കര്‍മനിരതരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായഹസ്തവുമായി കെ.എസ്.ആര്‍.ടി.സി.. ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്ന ഭാഗത്തേക്ക് ബസ് സര്‍വീസ് നടത്താനുള്ള ഒരുക്കത്തിലാണ് കോര്‍പ്പറേഷന്‍. സംസ്ഥാനത്തുടനീളം ഈ സൗകര്യം ലഭിക്കും. രോഗബാധ തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും ജീവനക്കാരുടെ എണ്ണം കുറച്ചതിനാലും കോളേജുകളടക്കമുള്ള സ്ഥാപനങ്ങള്‍ അടച്ചതിനാലും യാത്രക്കാരുടെ എണ്ണം കാര്യമായി കുറഞ്ഞിരുന്നു. 

ഇത് കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനവും ഗണ്യമായി കുറച്ചു. ഇതോടെ സര്‍വീസുകള്‍ പുനഃക്രമീകരിക്കാനും അധികൃതര്‍ നിര്‍ബന്ധിതരായി. ആരോഗ്യപ്രവര്‍ത്തകരടക്കമുള്ളവര്‍ ഇതോടെ ബുദ്ധിമുട്ടിലായി. ഇതിന് പരിഹാരമായാണ് ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിനുപേര്‍ക്കായി ആവശ്യാനുസരണം സര്‍വീസ് നടത്താന്‍ തീരുമാനമുണ്ടായത്.

തിരുവനന്തപുരം ജില്ലയിലാണ് കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസുകള്‍ ആദ്യം തുടങ്ങിയത്. നിയന്ത്രണങ്ങളുണ്ടായിരുന്ന കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും രോഗികള്‍ക്കും മറ്റുമായി പ്രത്യേകം ബസുകള്‍ ഓടിച്ചിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രി, തൈക്കാട് ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെത്തേണ്ടവര്‍ക്കായി നെടുമങ്ങാട്, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, കാട്ടാക്കട യൂണിറ്റുകളില്‍നിന്നാണ് ബസുകള്‍ ഓടിക്കുക. ഇതുസംബന്ധിച്ച നിര്‍ദേശം യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.

സര്‍വീസുകള്‍ യാത്രക്കാരുടെ ആവശ്യാര്‍ഥം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ആറ്റിങ്ങല്‍ ഭാഗത്തുനിന്നുള്ള ബസുകള്‍ മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, തൈക്കാട് ആശുപത്രിവരെയും നെയ്യാറ്റിന്‍കര, നെടുമങ്ങാട്, കാട്ടാക്കട ഭാഗങ്ങളില്‍നിന്നുള്ള ബസുകള്‍ തൈക്കാട് ആശുപത്രി, ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് വഴിയും സര്‍വീസ് ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരും ബസ് സര്‍വീസിനായി 0471- 2463799, 9447071021, 8129562972 എന്നീ നമ്പരുകളിലാണ് വിളിക്കേണ്ടത്.

നഷ്ടംസഹിച്ചും ബസ് ഓടിക്കും

കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ ആശുപത്രികളിലേക്ക് പോകുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. നിലവില്‍ 50 ശതമാനം ബസുകള്‍മാ ത്രമാണ് ഓടുന്നത്. ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ നഷ്ടംസഹിച്ചും ബസ് സര്‍വീസുകള്‍ നടത്താനാണ് തീരുമാനം.

-ബിജു പ്രഭാകര്‍, മാനേജിങ് ഡയറക്ടര്‍, കെ.എസ്.ആര്‍.ടി.സി.

Content Highlights: Covid Second Wave; KSRTC Special Service For Health Service