കോവിഡ് രോഗികളെ ആശുപത്രികളില്‍ എത്തിക്കാനും അടിസ്ഥാന വൈദ്യസഹായം ലഭ്യമാക്കാനുമായി പോര്‍ട്ടബിള്‍ ഓക്‌സിജന്‍ കാബിനുകളും പള്‍സ് ഓക്‌സിമീറ്ററും ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററും ഒരുക്കിയിട്ടുള്ള ഓട്ടോ ആംബുലന്‍സ് സംവിധാനം കൊച്ചി നഗരത്തില്‍ ആരംഭിക്കുന്നു.

കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ചേര്‍ന്ന് ഇന്തോ-ജര്‍മന്‍ ഗ്രീന്‍ മൊബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പിന്റെ കീഴില്‍ ജി.ഐ.ഇസഡിന്റെ സാങ്കേതിക-സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 24 മണിക്കൂറും സേവനം ലഭ്യമാകും.

കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എട്ട് സോണുകളിലായി ആദ്യഘട്ടത്തില്‍ എട്ട് ഓട്ടോ ആംബുലന്‍സുകളാണ് വിന്യസിക്കുക. ആദ്യഘട്ടം ആംബുലന്‍സ് സംവിധാനത്തിനായി 18 ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന പരിപാടി നടത്തി. 

രോഗികളെ കൈകാര്യംചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ചും വൈദ്യസേവനം ലഭ്യമാക്കുന്നതിനെക്കുറിച്ചും മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി.

കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ആര്‍. റെനീഷ്, വി.എ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും ഇവര്‍ക്ക് കൈമാറി. സംസ്ഥാന സര്‍ക്കാര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ്, സിഹെഡ്, കൊറോണ സേഫ് നെറ്റ്വര്‍ക്ക്, ടെക്നോവിയ ഇന്‍ഫോ സൊല്യൂഷന്‍സ് എന്നീ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

Content Highlights: Covid Second Wave; Kochi Corporation Starts Auto Ambulance