മഹാരാഷ്ട്രയിൽനിന്നു വാങ്ങിയ പഴയ കാറിനൊപ്പം ധീരജ്, റെനീഷ്, ബിൻഷിത്ത്, ഷെമീർ എന്നിവർ.
വിമാനവും തീവണ്ടിയും ചതിച്ചു. ഒടുവില്‍ ആശ്രയമായത് പൊളിക്കാറായ ഒരു പഴയ കാര്‍. രാജ്യത്തെ 'അരിഗ്രാമം' എന്നറിയപ്പെടുന്ന മഹാരാഷ്ട്രയിലെ ഗോന്ദിയയില് ജലസേചന പൈപ്പ് ലൈനിന്റെ പണിയെടുക്കാന്‍ പോയ നാല് മലയാളി സൂപ്പര്‍വൈസര്‍മാര്‍ക്കാണ് ഈ പഴഞ്ചന്‍ കാര്‍ കോവിഡ് കാലത്ത് വിലമതിക്കാനാകാത്തതായത്. രജിസ്ട്രേഷന് കാലാവധി തീര്‍ന്ന ഈ കാര്‍ ഇനി പൊളിക്കാനാണ് ഇവരുടെ തീരുമാനം.
കൃഷിക്ക് വെള്ളമെത്തിക്കാന്‍ പൈപ്പിടുന്ന പ്രവൃത്തിക്കു പോയതായിരുന്നു പരപ്പനങ്ങാടി വള്ളിക്കുന്ന് സ്വദേശി ധീരജും സുഹൃത്തുക്കളായ രാമനാട്ടുകര സ്വദേശി റെനീഷും വള്ളിക്കുന്ന് സ്വദേശികളായ ബിന്ഷിത്തും ഷെമീറും. കോവിഡ് പടര്‍ന്നുപിടിക്കുന്ന മഹാരാഷ്ട്രയില്‍നിന്ന് നാട്ടിലേക്കു മടങ്ങാന്‍ ഇവര്‍ ആദ്യം വിമാന ടിക്കറ്റെടുത്തെങ്കിലും സര്‍വീസ് റദ്ദാക്കപ്പെട്ടു. പണം തിരികെ ലഭിച്ചതുമില്ല.
തുടര്‍ന്ന്, തീവണ്ടിക്ക് ടിക്കറ്റെടുത്തെങ്കിലും അതും നടന്നില്ല. പല ടാക്സിക്കാരെയും സ്വകാര്യ ട്രാവലറുകാരെയും ബന്ധപ്പെട്ടെങ്കിലും വലിയ വാടകയാണ് പലരും ചോദിച്ചത്. ഒരുലക്ഷത്തോളംവരെ വാടക ചോദിച്ചവരുണ്ട്. ഇതിനിടെയാണ് പഴയ കാര്‍ എന്ന ആശയം തോന്നിയത്.
നാലുപേരുംകൂടി 40,000 രൂപയെടുത്ത് ഒരു കാര്‍ വാങ്ങി. ഒപ്പം, വഴിയില്‍ ഭക്ഷണം പാകംചെയ്ത് കഴിക്കാന്‍ ഒരു അടുപ്പും കുറച്ച് ഭക്ഷ്യസാധനങ്ങളും. മേയ് 16ന് യാത്ര തുടങ്ങി. 19ന് വൈകീട്ട് മുത്തങ്ങ ചെക്പോസ്റ്റ് കടന്നു. തുടര്‍ന്ന് 14 ദിവസം വള്ളിക്കുന്നിലെ വീട്ടില്‍ നിരീക്ഷണത്തില്‍. ഇത് ജൂണ്‍ രണ്ടിനു തീരും.
Content Highlights; Covid Lock Down; Four Friends Bought Car To Travel Mumbai To Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..