'മെല്ലെ മെല്ലെ മുഖപടം തെല്ലൊതൊക്കി...' അതെ മുഖപടം ഇട്ടില്ലെങ്കില്‍ മാസ്‌ക് ധരിക്കുക'. പതിനഞ്ച് മിനിട്ട് ഇടവേളകളില്‍ എത്തുന്ന കൊറോണ പ്രതിരോധ സന്ദേശം കോട്ടയം- എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന മരിയ ഫാസ്റ്റ് ബസില്‍ യാത്രചെയ്യുന്നവര്‍ക്ക് ബോധവത്കരണവും കൂടിയാണിത്.
ബസിന്റെ വാതിലുകളില്‍ സാനിറ്റൈസര്‍, ജീവനക്കാരുടെ കൈകളില്‍ കൈയുറകള്‍, ബസ് കണ്ടക്ടറുടെ പോക്കറ്റില്‍ പേനയ്ക് പകരം സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിച്ച് കൊറോണയെ പ്രതിരോധിക്കുകയാണ് മരിയ ഫാസ്റ്റ് ബസ്.
സാമൂഹിക അകലം പാലിച്ചാണ് ബസില്‍ യാത്രക്കാരെ കയറ്റുന്നതുപോലും. ബസിന്റെ അകത്തും പുറത്തും ബ്രേക്ക് ദ് ചെയിന്‍ പോസ്റ്ററുകളും ഒട്ടിച്ചിട്ടുണ്ട്. ബസില്‍ കയറിയിട്ട് യാത്രക്കാര്‍ക്ക് ആര്‍ക്കും കൊറോണബാധയുണ്ടാകരുതെന്ന നിര്‍ബന്ധമാണ് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ബസ് മാനേജര്‍ ശ്രീകാന്ത് പറഞ്ഞു.
ജി.പി.എസ്. ട്രാക്കിങ് സിസ്റ്റം, സി.സി.ടി.വി. ക്യാമറകള്‍, ബസ് എവിടെയെത്തിയെന്ന് യാത്രക്കാര്‍ക്ക് അറിയാനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍, ഓരോ സ്റ്റോപ്പിലും എത്തുമ്പോള്‍ മെട്രോയിലുള്ളതുപോലെ സ്പീക്കറിലൂടെ സ്റ്റോപ്പിന്റെ വിവരം യാത്രക്കാരെ അറിയിക്കുന്ന സംവിധാനങ്ങളും ബസിലുണ്ട്.
പ്രത്യേകം തയ്യാറാക്കിയ സ്മാര്‍ട്ടസ്റ്റ് ആപ്ലിക്കേഷന്‍ വഴിയാണ് ഇവയെല്ലാം നിയന്ത്രിക്കുന്നത്. സ്ഥിരം യാത്രക്കാര്‍ക്കുവേണ്ടിയാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ക്രമീകരിച്ചത്. റെയില്‍വേ ആപ്ലിക്കേഷന്റെ മാതൃകയിലാണ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം. ഇതിലൂടെ ബസ് എവിടെയെത്തിയെന്ന് യാത്രക്കാര്‍ക്ക് അറിയാന്‍ കഴിയും.
Content Highlights: Covid-19; Mariya Fast Private Bus Give Sanitiser and Safety Equipment