'പി.പി.ഇ. കിറ്റും മറ്റു സുരക്ഷാ ക്രമീകരണങ്ങളുമായി സ്റ്റിയറിങ് തിരിക്കുമ്പോള്‍ അറിയില്ല പിറകിലുള്ളത് ആരാണെന്ന്. ഓടിക്കുന്ന വണ്ടിയിലുള്ളവരുടെ മുഖം പോലും കാണാതെയുള്ള യാത്രകളായിരുന്നു ഇത്രയും നാള്‍.' കളമശ്ശേരി കോവിഡ് കെയര്‍ സെന്ററിലെ ആംബുലന്‍സുകളുടെ അമരക്കാരായ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരില്‍ ഒരാള്‍പറയുന്നു. 

ആലുവ ഡിപ്പോയിലെ ഡ്രൈവറായ ഇദ്ദേഹം ഏപ്രില്‍ ആദ്യവാരം മുതല്‍ പ്രത്യേക ഡ്യൂട്ടിയില്‍ ആംബുലന്‍സിലാണ് ജോലിചെയ്യുന്നത്. ശമ്പളത്തിനായി ജോലി ചെയ്തതില്‍നിന്ന് വ്യത്യസ്തമായി സാമൂഹിക പ്രതിബദ്ധതയുള്ളൊരു ജോലി ചെയ്യുന്നതായുള്ള തോന്നലാണിപ്പോഴെന്ന് അദ്ദേഹം പറയുന്നു. 

വീട്ടില്‍ വെറുതെയിരുന്ന ശമ്പളം വാങ്ങിയിരുന്ന അവസ്ഥയിലാണ് കോവിഡ് സെന്ററിലേക്ക് ഡ്രൈവര്‍മാരെ വേണമെന്നറിയുന്നതും പ്രത്യേക ഡ്യൂട്ടി കിട്ടിയതും. നിരീക്ഷണത്തിലിരിക്കുന്നവരുടെ സ്രവപരിശോധനയ്ക്ക് കൊണ്ടുപോകുന്നതും രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതുമാണ് ജോലി. പതിവ് ആംബുലന്‍സുകളെപോലെ അതിവേഗത്തിന്റെ ആവശ്യമില്ല. പൊതുഗതാഗതം പൂര്‍വസ്ഥിതിയില്‍ ആകുന്നതുവരെയും ഇവിടെ ജോലിചെയ്യാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ ഏഴു മുതലാണ് എറണാകുളത്തെ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ ആംബുലന്‍സിന്റെ ഡ്രൈവിങ്‌ ജോലി കൂടി ഏറ്റെടുത്തത്. ജില്ലയില്‍നിന്ന് 23 പേരാണ് ആദ്യഘട്ടത്തില്‍ ഡെപ്യൂട്ടേഷനില്‍ ആരോഗ്യവകുപ്പിലേക്ക് എത്തിയത്. പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ ഇവര്‍ ഓടിച്ചിരുന്നത്. 

പിന്നീട് കോവിഡ്‌ കെയര്‍ സെന്ററായ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ആംബുലന്‍സുകളിലേക്കാക്കി. ആഴ്ചയില്‍ അഞ്ച് ഡ്യൂട്ടിയാണ് ഒരാള്‍ക്ക്. കെ.എസ്.ആര്‍.ടി.സി. മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കുന്നതുവരെ ആരോഗ്യവകുപ്പുമായി സഹകരിച്ചാണ് ഇവരുടെ ജോലി.

Content Highlights: Covid-19; KSRTC Bus Drivers Taking Special Duty In Ambulance