യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ ബസ് ടിക്കറ്റ് നിരക്ക് 25 ശതമാനം വര്‍ധിപ്പിച്ചത് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും കുറച്ചില്ല. പഴയപടി യാത്രക്കാരെ കുത്തിനിറച്ച് ബസുകള്‍ ഓടുമ്പോഴും ഈടാക്കുന്നത് ഉയര്‍ന്ന നിരക്കാണ്. 

ലോക്ഡൗണിനുശേഷം ബസുകള്‍ ഓടിത്തുടങ്ങിയപ്പോള്‍ രോഗവ്യാപനം തടയാന്‍ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ഒരുസീറ്റില്‍ ഒരാള്‍ മാത്രമായിരുന്നു. നിന്നുള്ള യാത്ര അനുവദിച്ചിരുന്നില്ല. ഇതുകാരണമുള്ള നഷ്ടം നികത്താനാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയത്.

യാത്രക്കാരെ കിട്ടാനായി കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ക്ലാസ് ബസുകളില്‍ നിരക്ക് കുറച്ചിരുന്നു. സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ 25 ശതമാനം ഇളവാണ് അനുവദിച്ചത്. ഓര്‍ഡിനറി ബസുകളില്‍ നിരക്ക് കുറച്ചിട്ടില്ല. 

നിരക്ക് കുറയ്ക്കാന്‍ കെ.എസ്.ആര്‍.ടി.സി. സന്നദ്ധമാണ്. എന്നാല്‍ സ്വകാര്യബസുകാരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് നടപടി വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം.

വര്‍ധന ഇങ്ങനെ

ഓര്‍ഡിനറി മിനിമം ചാര്‍ജായ എട്ട് രൂപയില്‍ മാറ്റം വരുത്താതെയാണ് യാത്രാനിരക്ക് കൂട്ടിയത്. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ (രണ്ട് ഫെയര്‍ സ്റ്റേജ്) നിന്ന് രണ്ടരയായി (ഒരു ഫെയര്‍ സ്റ്റേജ്) കുറച്ചു. കിലോമീറ്റര്‍ നിരക്ക് 70 പൈസയായിരുന്നത് 90 പൈസയാക്കി. സൂപ്പര്‍ക്‌ളാസ് ബസുകളുടെ നിരക്കില്‍ 25 ശതമാനം ഉയര്‍ത്തി.

Content Highlights; Covid-19; Controls on buses lifted; Yet the ticket price was not reduced