വാഹനങ്ങളുടെ തേഡ് പാര്‍ട്ടി പ്രീമിയം വര്‍ധന നീട്ടിവെക്കാന്‍ ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ.) തീരുമാനിച്ചു. ഏപ്രില്‍ ഒന്നിന് വര്‍ധന നിലവില്‍ വരത്തക്കവിധം പുതിയ നിരക്കുകളുടെ കരട് പ്രസിദ്ധീകരിച്ചിരുന്നു. 

ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ തുടങ്ങിയവയുടെയെല്ലാം പ്രീമിയം കൂടുന്ന വിധത്തിലായിരുന്നു നിര്‍ദേശം. വൈദ്യുതി വാഹനങ്ങളുടെ പ്രീമിയത്തില്‍ 15 ശതമാനം കുറവാണ് കരട് പട്ടികയിലുണ്ടായിരുന്നത്. ഓട്ടോറിക്ഷകളുടെ നിരക്കില്‍ മാറ്റമില്ല.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31ന് നിലവിലുള്ള നിരക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്നാണ് ഐ.ആര്‍.ഡി.എ.ഐ. അറിയിച്ചിരിക്കുന്നത്. 

പൊതുതിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തികവര്‍ഷവും ഇതേ രീതിയില്‍ നിരക്കുവര്‍ധന നീട്ടിവെച്ചിരുന്നു. അന്ന് ഏപ്രില്‍ ഒന്നിന് പകരം ജൂണ്‍ ഒന്നുമുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്.

Content Highlights: Corona Lock Down; Vehicle Insurance Third Party Premium Hike Put On Hold