കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിലച്ചതിനാല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിനുള്ള സമയം നീട്ടിനല്‍കി. വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും അടയ്ക്കുന്നതിനാണ് സമയം അനുവദിച്ചിരിക്കുന്നത്. 

മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള ദിവസങ്ങളില്‍ കാലാവധി അവസാനിച്ചതോ പുതുക്കേണ്ടതോ ആയ വാഹന, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവ ഏപ്രില്‍ 21 വരെ പ്രീമിയം അടച്ച് പുതുക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. 

ലോക്ക് ഡൗണ്‍ ദിവസങ്ങളില്‍ ഇന്‍ഷുറന്‍സ് തുക അടയ്ക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ പോളിസി നഷ്ടപ്പെട്ടുപോകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ജനങ്ങള്‍ ആശങ്കയുടെ ആവശ്യമില്ലെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. 

അതേസമയം, സംസ്ഥാനം ഇന്നലെ പ്രഖ്യാപിച്ച മനദണ്ഡം അനുസരിച്ച് പുതുക്കിയ പ്രീമിയം സംബന്ധിച്ച് അറിയിപ്പ് കിട്ടാത്തവര്‍ക്ക് നിലവിലുള്ള പ്രീമിയം തുകതന്നെ ഓണ്‍ലൈനില്‍ അടച്ച് പോളിസി പുതുക്കാം. തുകയിലെ അന്തരം പിന്നീട് പരിഹരിച്ചാല്‍ മതി.

മോട്ടോര്‍വാഹന പോളിസികള്‍ കാലാവധി തീരുന്നതിനുമുമ്പ് ഓണ്‍ലൈനായി പണമടച്ച് പുതുക്കണം. ഇട്രഷറി സംവിധാനത്തില്‍ ചലാന്‍ രസീതില്‍ ഡിപ്പാര്‍ട്ട്‌മെന്റ് റസീപ്റ്റ്‌സ് എന്ന വിഭാഗത്തില്‍ സ്റ്റേറ്റ് ഇന്‍ഷുറന്‍സില്‍ റവന്യു ഡിസ്ട്രിക്റ്റ് ഓഫീസ് പേര് എന്നിവ സെലക്ട് ചെയ്ത് പണമടയ്ക്കാം. പോളിസി എടുത്തിട്ടുള്ള ഓഫീസിലേക്കുവേണം ഓണ്‍ലൈനില്‍ പണം അടയ്‌ക്കേണ്ടത്.

പ്രീമിയംതുക, രസീത് നമ്പര്‍, അടച്ച തീയതി, പഴയ പോളിസി നമ്പര്‍, ഉടമയുടെ പേര് എന്നിവസഹിതം ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ക്ക് ഇമെയില്‍ ചെയ്യണമെന്നും ഇന്‍ഷുറന്‍സ് ഡയറക്ടര്‍ അറിയിച്ചു.

Content Highlights: Corona Lock Down; Vehicle Insurance Renewal Date Extended to April 21