ലോക് ഡൗണ്‍ കാരണം ബെംഗളൂരുവില്‍ കുടുങ്ങിപ്പോയ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സൗജന്യ സര്‍വീസുമായി കര്‍ണാടക ആര്‍.ടി.സി. ചൊവ്വാഴ്ച വരെ മജസ്റ്റിക് ബി.എം.ടി.സി. ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് സൗജന്യ സര്‍വീസ് നടത്തുന്നത്.

തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കര്‍ണാടക ആര്‍.ടി.സി. ബസുകളില്‍ അമിത നിരക്ക് ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നതോടെയാണ് സൗജന്യ സര്‍വീസ് നടത്താന്‍ ഞായറാഴ്ച രാവിലെ സര്‍ക്കാര്‍ തീരുമാനിച്ചത്. ഞായറാഴ്ച മുതല്‍ മൂന്നു ദിവസത്തേക്കാണ് സൗജന്യ സര്‍വീസ് ഉണ്ടാവുക.

ഒന്നരമാസത്തോളമായി ബെംഗളുരുവില്‍ തൊഴിലില്ലാതെ കഴിഞ്ഞിരുന്ന തൊഴിലാളികള്‍ക്ക് നാട്ടിലെത്താന്‍ ഭീമമായ നിരക്ക് ഈടാക്കുന്നതിന്റെ പേരില്‍ കര്‍ണാടക ആര്‍.ടി.സി. വന്‍ വിമര്‍ശനം നേരിട്ടിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഇടപെടുകയും കെ.എസ്.ആര്‍.ടി.സി. അധികൃതരോട് തൊഴിലാളികളെ സൗജന്യമയി എത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

അതിനിടെ ബെംഗളൂരുവില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനായി കെ.പി.സി.സി. ഒരു കോടി രൂപ കെ.എസ്.ആര്‍.ടി.സി.ക്ക് സംഭാവന ചെയ്തു. പണം തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ഉപയോഗിക്കണമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ പണം സംഭാവന നല്‍കാന്‍ തയ്യാറാണെന്നും കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ കര്‍ണാടക ആര്‍.ടി.സി. എം.ഡി.ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. 

ദിവസവേതന തൊഴിലാളികള്‍ക്കാണ് സൗജന്യ സര്‍വീസ് ഉപയോഗിക്കാന്‍ മുന്‍ഗണന. യാത്രക്കാര്‍ മുഖാവരണം ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും യെദ്യൂരപ്പ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ശനിയാഴ്ച മജസ്റ്റിക്കില്‍നിന്ന് 120 ബസുകളാണ് കെ.എസ്.ആര്‍.ടി.സി. വിവിധ ജില്ലകളിലേക്കു സര്‍വീസ് നടത്തിയത്. 3,600 പേര്‍ യാത്ര ചെയ്തു.

Content Highlights: Corona Lock Down; KSRTC Starts Service For People Who Stuck In Karnataka