ടച്ചിടല്‍കാലത്ത് റോഡരികില്‍ നിര്‍ത്തിയിടേണ്ടിവന്ന ബസില്‍നിന്ന് ദിവസം ഓണ്‍ലൈനില്‍ വിറ്റുപോവുന്നത് 350 കിലോ മാമ്പഴം. 'ഒന്നുമില്ലാത്തതിനേക്കാള്‍ നല്ലതാണല്ലോ എന്തെങ്കിലും' എന്നുപറഞ്ഞ് ഒരു കൂട്ടം ബസ് ജീവനക്കാര്‍ ലോക്ഡൗണിലെ ദുരിതത്തെ അദ്ധ്വാനംകൊണ്ട് തോല്‍പ്പിക്കുകയാണ്.

പാലക്കാട് നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഇതിഹാസ് ബസ് ഗ്രൂപ്പിലെ ജീവനക്കാരാണ് ലോക്ഡൗണില്‍ പുതിയ സംരംഭം തുടങ്ങിയത്. മുതലമടയില്‍നിന്നുള്ള മാമ്പഴം പാലക്കാട്ടെത്തിച്ച് ഓണ്‍ലൈനായി വില്‍പ്പനയ്‌ക്കൊരുക്കുന്ന സംരംഭം വിഷുവിനുശേഷമാണ് ആരംഭിച്ചത്. 

ഏറെത്താമസിയാതെ സംഭവം ഹിറ്റ്. ഫാര്‍മേഴ്‌സ് അഗ്രോ പ്രൊഡക്ട്‌സ് എന്നപേരില്‍ പച്ചക്കറി, തേന്‍, വെളിച്ചെണ്ണ, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയുള്‍ക്കൊള്ളുന്ന ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സ്ഥാപനവും തുടങ്ങാനുള്ള ഒരുക്കത്തിലാണിപ്പോള്‍.

ബസുകള്‍ ഓടാതായതോടെ ഉടമ സജീവ് തോമസ് തന്നെയാണ് ഈ ആശയം മുന്നോട്ടുെവച്ചത്. മാനേജര്‍മാരായ ജിത്തുദാസും അനില്‍കുമാറും ഉള്‍പ്പെടെ എട്ടുപേരാണ് ഈ സംരംഭത്തിനു പിന്നില്‍. ബസില്‍നിന്നു ലഭിച്ചിരുന്നതിനേക്കാള്‍ കുറവാണെങ്കിലും മോശമല്ലാത്ത വരുമാനം കിട്ടുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. 

സിന്ദൂരം, ഹിമാപസന്ത് തുടങ്ങി പത്തുതരത്തിലുള്ള 350 കിലോയോളം മാമ്പഴം ദിവസവും വിറ്റുപോകുന്നുണ്ട്. ബസ് തന്നെയാണ് താത്കാലിക ഗോഡൗണ്‍. പെട്ടികളിലാക്കിയാണ് മാമ്പഴക്കച്ചവടം. ഓണ്‍ലൈനായി ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ച് മാമ്പഴം വീടുകളിലെത്തിച്ചുകൊടുക്കുന്നതും ഇവര്‍തന്നെ.

Content Highlights: Corona Lock Down; Ithihasa Travels Starts Mango Sale In Bus