ലോക്ഡൗണിനെ തുടര്‍ന്ന് ദീര്‍ഘനാള്‍ അടഞ്ഞുകിടന്ന സെക്കന്‍ഡ് ഹാന്‍ഡ് വാഹനവിപണിക്ക് മികച്ച തിരിച്ചുവരവ്. വില്‍പ്പനയില്‍ 50 ശതമാനത്തിലേറെ വര്‍ധനയുണ്ടായി. പൊതുഗതാഗതത്തിന് നിയന്ത്രണം നിലനില്‍ക്കുന്നതാണ് വിപണിക്കുനേട്ടമായത്. 

ബസുകളിലടക്കം യാത്രക്കാരുടെ എണ്ണം പാതിയാക്കുകയും യാത്രാനിരക്ക് കൂട്ടുകയും ചെയ്തതോടെ സ്വന്തം വാഹനത്തില്‍ത്തന്നെ പോകാന്‍ ആളുകള്‍ തീരുമാനിച്ചതാണ് വിപണിക്ക് അനുകൂലമായത്. ലോക്ഡൗണ്‍ ഇടവേളയ്ക്കുശേഷം മേയ് ആദ്യമാണ് വില്‍പ്പന ആരംഭിച്ചത്. ലോക്ഡൗണ്‍ തുടങ്ങുന്നതിനുമുമ്പുള്ള മാസവുമായി താരതമ്യംചെയ്യുമ്പോള്‍ വന്‍ മുന്നേറ്റമാണുണ്ടായത്.

ജോലിക്കുപോകാന്‍ വാഹനംവേണം. എന്നാല്‍, നിലവിലെ സാമ്പത്തികപ്രതിസന്ധിയില്‍ പുതിയ വാഹനംവാങ്ങാന്‍ പലര്‍ക്കും കഴിയുന്നില്ല. അതിനാല്‍ വിലക്കുറവില്‍കിട്ടുന്ന സെക്കന്‍ഡ്ഹാന്‍ഡ് വാഹനങ്ങള്‍തേടി ആവശ്യക്കാര്‍ ഇറങ്ങുകയായിരുന്നു. കോവിഡിന്റെ സാഹചര്യത്തില്‍ സ്വന്തംവാഹനത്തില്‍ കൂടുതല്‍ സുരക്ഷകിട്ടുമെന്ന ചിന്തയും വിപണിക്ക് അനുകൂലമായി.

35,000 രൂപയ്ക്കുതാഴെയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്കും മൂന്നുമുതല്‍ അഞ്ചുവരെ ലക്ഷം വിലയുള്ള കാറുകള്‍ക്കുമാണ് ആവശ്യക്കാരേറെ. സ്‌കൂട്ടറുകള്‍ക്കും ഡിമാന്‍ഡുകൂടി. ലോക്ഡൗണിനെത്തുടര്‍ന്ന് ഷോറൂമുകള്‍ അടച്ചതോടെ ഒരു ലക്ഷത്തോളം വാഹനങ്ങളാണ് അറ്റകുറ്റപ്പണിയില്ലാതെ സെക്കന്‍ഡ്ഹാന്‍ഡ് ഷോറൂമുകളിലും ഗോഡൗണുകളിലുമായി കിടന്നത്. 

ഇവയുടെ എ.സി., ഇലക്ട്രിക്കല്‍ സംവിധാനം, ബാറ്ററി എന്നിവയ്ക്ക് തകരാര്‍ സംഭവിച്ചിരുന്നു. ഇത് ശരിയാക്കാന്‍ നല്ല തുക വേണ്ടിവന്നു. എന്നാല്‍, സമീപകാലത്തെ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ സീസണായതിനാല്‍ ഈ തുക കൂടി തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് സെക്കന്‍ഡ് ഹാന്‍ഡ് വിപണി നടത്തുന്നവരുടെ പ്രതീക്ഷ. 

പ്രവാസികളുടെ വരവ് ഗുഡ്‌സ് വാഹനവിപണിക്കും ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ സ്വയംതൊഴില്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതോടെ സെക്കന്‍ഡ് ഹാന്‍ഡ് ഗുഡ്‌സ് വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറിയെന്ന് കേരള സ്‌റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി അനില്‍ വര്‍ഗീസ് പറഞ്ഞു.

Content Highlights: Corona Effect; Second Hand Vehicle Market Achieve 50 Percent Growth