തൃശ്ശൂര്‍: സര്‍ക്കാര്‍ വകുപ്പുകള്‍ പിടിച്ചെടുത്ത വാഹനങ്ങളുടെ വില്‍പ്പന ഡിസംബര്‍ 31-ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു. ലേലം വേഗത്തിലാക്കാനായി ജില്ലാതല കമ്മിറ്റി  രൂപവത്കരിക്കുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങളും വേണം. 

തൃശ്ശൂര്‍ സിറ്റി പോലീസിന്റെ കസ്റ്റഡിയില്‍ മാത്രം 2500 വാഹനങ്ങളാണുള്ളത്. സംസ്ഥാനത്ത് പോലീസിന്റെ പക്കലും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ പക്കലുമായി കോടികള്‍ മതിക്കുന്ന വാഹനങ്ങളാണ് നശിക്കുന്നത്. 

പിടികൂടുന്ന മണല്‍ലോറികളും മറ്റും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയശേഷം ലേലം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ഗസറ്റില്‍  പ്രസിദ്ധീകരിച്ചശേഷം ഉടമയെത്തേടി മൂന്നുമാസം കാത്തിരുന്നാല്‍ മതി. വില്‍പ്പനയ്ക്കായി ജില്ലാ കളക്ടര്‍ അധ്യക്ഷനായ വിലനിര്‍ണയക്കമ്മിറ്റി  രൂപവത്കരിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെ അഞ്ച് അംഗങ്ങള്‍  ഇതിലുണ്ട്. 

മൂന്നുതവണ ലേലത്തില്‍ വെച്ചിട്ടും വാഹനം വിറ്റുപോയില്ലെങ്കില്‍  സ്‌ക്രാപ്പ് ആയി വില്‍ക്കാന്‍ അധികൃതര്‍ക്ക് അധികാരമുണ്ട്. രണ്ടാമത്തെ ലേലത്തില്‍ വില കുറച്ചുനല്‍കാം.