രാജ്യത്തെ ടോള്‍ പ്ലാസകളില്‍ എല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് ഉറപ്പാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ നിര്‍ദേശം. ഡിസംബര്‍ 31-നുമുന്‍പ് സമ്പൂര്‍ണ ഫാസ്ടാഗ്വത്കരണം ഉറപ്പാക്കണമെന്ന ഉത്തരവ് ടോള്‍ പ്ലാസകളുടെ നടത്തിപ്പു ചുമതലയുള്ള കണ്‍സഷണര്‍ കമ്പനികള്‍ക്ക് നല്‍കി.
2019 ജൂലായിലെ ഉത്തരവ് പ്രകാരം 2020 ജൂണ്‍ മാസത്തോടെ എല്ലാ വാഹനങ്ങളും ഫാസ്ടാഗ് ആക്കേണ്ടതായിരുന്നു. എന്നാല്‍, കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഡിസംബര്‍ 31 വരെ നീട്ടിവെച്ചു. ഉത്തരവ് നടപ്പാക്കുന്നതോടെ ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് ഉപയോഗിച്ചേ ഓടാനാവൂ. ഇതിന്റെ പ്രാരംഭമായി പുതിയതായി നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
എല്ലാ ട്രാക്കുകളും ഫാസ്ടാഗ് ആകുമ്പോള്‍ സൗജന്യപാസ് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. ടോള്‍ പ്ലാസയുടെ 10 കിലോ മീറ്റര്‍ ചുറ്റളവിലുള്ള വാഹനങ്ങള്‍ ഇപ്പോഴും സര്‍ക്കാര്‍ അനുവദിച്ച സൗജന്യ യാത്രാപാസ് ഉപയോഗിക്കുന്നുണ്ട്. സര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞിരുന്ന ഇവരുടെ ടോള്‍ത്തുക എങ്ങനെ ഈടാക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ആര്‍ക്കും ഒരു രൂപവുമില്ല.
സൗജന്യ പാസുകാരുടെ കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. അതേസമയം, ടോള്‍ പ്ലാസയിലെ സാങ്കേതികത്തകരാറുകള്‍ പരിഹരിച്ച ഫാസ്ടാഗ് ട്രാക്കുകളില്‍ വാഹനത്തിരക്ക് ഏറക്കുറെ പരിഹരിക്കാനായെന്ന് ടോള്‍ പ്ലാസ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എ.വി. സൂരജ് പറഞ്ഞു.
വാഹനത്തിരക്ക് തുടരുന്നു
ടോള്‍ത്തുക നല്‍കിയും സൗജന്യപാസ് ഉപയോഗിച്ചും വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന ഹൈബ്രിഡ് ട്രാക്കുകളില്‍ വലിയ വാഹനത്തിരക്ക് തുടരുകയാണ്. ജീവനക്കാരെ നിര്‍ത്തി ടാഗില്ലാത്ത വാഹനങ്ങളെ ഫാസ്ടാഗ് ട്രാക്കുകളില്‍നിന്ന് മാറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ടാഗില്‍ ആവശ്യമുള്ള തുകയില്ലാത്ത പലവാഹനങ്ങളും ടോള്‍ ബൂത്തിന് മുന്നിലെത്തുമ്പോള്‍ മാത്രമേ സംഗതി അറിയുന്നുള്ളൂ.
ടാഗില്‍ തുകയില്ലാത്തവരില്‍നിന്ന് ടോള്‍ത്തുകയുടെ ഇരട്ടിയാണ് ഇപ്പോള്‍ പിഴയായി വാങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് കമ്പനി നിര്‍ബന്ധമായി നടപ്പാക്കി വരുകയാണ്. ടാഗില്‍ പണം ഉറപ്പാക്കേണ്ടത് വാഹന ഉടമയുടെ ഉത്തരവാദിത്വമാണെന്നും പിഴയീടാക്കുന്നതിലൂടെ ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശമാണ് നടപ്പാക്കുന്നതെന്നും സി.ഒ.ഒ. അറിയിച്ചു.
Content Highlights; Complete Fastag in Paliyekkara Toll booth from January 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..