വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ അവകാശികള്‍ക്ക് നഷ്ടപരിഹാരം കൈമാറുന്നത് വേഗത്തിലാക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ തയ്യാറാക്കാനൊരുങ്ങി മോട്ടോര്‍വാഹനവകുപ്പ്. പോളിസി കാലാവധി കഴിയുന്നതിനുമുമ്പ് മരിച്ചവരുടെ അനന്തരാവകാശികളില്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കാത്തവരുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

ഇതിനുള്ള ചട്ടങ്ങള്‍ എല്ലാ കമ്പനികള്‍ക്കും ഒരേരീതിയിലായിരിക്കണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. വാഹന ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞിട്ടില്ലെങ്കില്‍ നഷ്ടപരിഹാരം നിയമപരമായി അവകാശികള്‍ക്ക് കൈമാറ്റം ചെയ്യുന്നതിന് തടസ്സം കുറവാണ്.

വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കൈമാറ്റം ചെയ്യുന്നതിന് ആര്‍.ടി.ഒ. ഓഫീസില്‍ ചില രേഖകള്‍ നല്‍കണമെന്നതാണ് പ്രധാനകാര്യം. പോളിസിയുടമയുടെ മരണവിവരം എത്രയുംപെട്ടെന്ന് മോട്ടോര്‍ ഇന്‍ഷുറന്‍സ് നല്‍കുന്ന ഓഫീസിലറിയിക്കണം. ആര്‍.ടി.ഒ. ഓഫീസില്‍നിന്ന് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ രേഖകള്‍ അവകാശികളുടെ പേരിലാക്കുന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്.

ഇതിനായി അവകാശികള്‍ ആര്‍.ടി.ഒ. ഓഫീസില്‍ കൃത്യമായി പൂരിപ്പിച്ച ഫോറം 31 നല്‍കണം. ഇതിനൊപ്പം വാഹനത്തിന്റെ ആര്‍.സി., പോളിസി ഉടമയുടെ മരണ സര്‍ട്ടിഫിക്കറ്റ്, ഷാസി നമ്പര്‍, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ്, വാഹനം വാങ്ങിയ രേഖകള്‍, വാഹനത്തിന്റെ ഇപ്പോഴുള്ള ഇന്‍ഷുറന്‍സ്, വാഹനത്തിന് വായ്പയുണ്ടെങ്കില്‍ ആ രേഖകള്‍ എന്‍.ഒ.സി.യോടുകൂടിയത്, അവകാശിയുടെ തിരിച്ചറിയല്‍ കാര്‍ഡ്, മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖ, പിന്തുടര്‍ച്ചാ സര്‍ട്ടിഫിക്കറ്റ്, ആധാറിന്റെയോ പാന്‍ കാര്‍ഡിന്റെയോ സാക്ഷ്യപ്പെടുത്തിയ കോപ്പി, കൈമാറ്റത്തിനുവേണ്ടിയുള്ള തുക, ആവശ്യപ്പെടുകയാണെങ്കില്‍ ആര്‍.ടി.ഒ.യുടെ 29, 30 ഫോറങ്ങള്‍ എന്നിവയാണ് ആദ്യം നല്‍കേണ്ടത്. ഈ നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാനാണ് ശ്രമം.

Content Highlights: Compensation For Accident Death, MVD Kerala, Motor Vehicle Department