മിതഭാരത്തിന് വാഹനങ്ങള്‍ക്ക് ചുമത്തുന്ന പിഴയടയ്ക്കാത്തതുമൂലം സര്‍ക്കാരിന് നഷ്ടമാകുന്നത് കോടികള്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയിലാണ് അനുമതിയുള്ളതിനേക്കാള്‍ കൂടുതല്‍ ഭാരംകയറ്റുന്നത് കണ്ടെത്തി പിഴചുമത്തുന്നത്. 

പലപ്പോഴും വന്‍തുകയാണ് പിഴ വരുന്നത്. എന്നാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ മോട്ടോര്‍ വാഹന വകുപ്പിനുള്ള പരിമിതികള്‍ അറിയാവുന്നതുകൊണ്ട് കൂട്ടത്തോടെ പിഴയടയ്ക്കാതെ ഓടുകയാണ് ഭാരവാഹനങ്ങള്‍.

ആറുചക്രവാഹനങ്ങള്‍ക്ക് 18 ടണ്ണും പത്തുചക്രവാഹനങ്ങള്‍ക്ക് 28 ടണ്ണുമാണ് വാഹനത്തിന്റെ ഭാരമടക്കം അനുവദനീയമായിട്ടുള്ളത്. അമിതഭാരത്തിന് ചുരുങ്ങിയത് 2,000 രൂപയും ഓരോ ടണ്ണിനും ആയിരം രൂപയുമാണ് പിഴ. പത്തുടണ്‍ അമിതഭാരം കയറ്റിയാല്‍ 12,000 രൂപ പിഴവരും.

പിടികൂടുന്ന വാഹനങ്ങള്‍ പിന്നീട് തുക അയയ്ക്കാമെന്നുപറഞ്ഞ് കൊണ്ടുപോവുകയാണ് പതിവ്. പെര്‍മിറ്റ് പുതുക്കാനോ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനോ ഓഫീസില്‍ വരുമ്പോഴാണ് വണ്ടിയുടെ പേരില്‍ പിഴയുള്ള കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. 

എന്നാല്‍ ഇക്കാര്യംപറഞ്ഞ് വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ നിഷേധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. പലതവണ പിഴചുമത്തിയിട്ടും തുകയടയ്ക്കാതെ ഓടുന്ന വാഹനങ്ങള്‍ നിരവധിയുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു.

വാഹനങ്ങള്‍ക്ക് നികുതി കുടിശ്ശിക വരുത്തിയാല്‍ റവന്യൂ റിക്കവറി നടത്താന്‍ നിയമമുണ്ട്. എന്നാല്‍ പിഴയടച്ചില്ലെങ്കില്‍ ഇങ്ങനെ വ്യവസ്ഥയില്ല. പ്രോസിക്യൂഷന്‍ നടപടികള്‍ക്കായി കോടതിയെ സമീപിക്കാം. പക്ഷേ സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം മോട്ടോര്‍ വാഹന വകുപ്പ് ഇതിന് തയ്യാറാവാറില്ല.

അമിതഭാരംകയറ്റി ലോറികള്‍ ഓടുന്നത് വ്യാപകമാണെന്നാണ് വിവരം. കഴിഞ്ഞ ജനുവരിയില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ആറുമണിക്കൂര്‍കൊണ്ട് ഏഴുലക്ഷത്തോളം രൂപയാണ് പിഴ ചുമത്തിയത്. 3.3 ലക്ഷം രൂപ പിഴ അടപ്പിക്കുകയും 3.5 ലക്ഷം രൂപയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

Content Highlights: Commercial Vehicle, Goods Vehicles, Overload, Penalty