എറണാകുളം ജില്ലയിലെ മൂന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കാണ് ഇതിനോടകം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ആലുവയില്‍ രണ്ടു പേര്‍ക്കും ചെല്ലാനത്ത് ഒരാള്‍ക്കും കോവിഡ് ബാധിച്ചു. സ്ഥിതി ഇങ്ങനെ പോകുമ്പോഴും ജില്ലയിലെ ഓട്ടോറിക്ഷകളിലൊന്നും ഡ്രൈവര്‍മാര്‍ക്ക് സുരക്ഷയാകേണ്ട ഫൈബര്‍ ഷീല്‍ഡുകള്‍ പിടിപ്പിച്ചിട്ടില്ല.
അന്തര്‍ജില്ലാ പൊതുഗതാഗതം സര്‍ക്കാര്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുമ്പോള്‍ കോവിഡ് പടരാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചത്. ഇതിന്റെ ഭാഗമായി ഡ്രൈവറുടെ സുരക്ഷയെ കരുതിയാണ് മറയുണ്ടാക്കണമെന്ന് നിര്‍ദേശം നല്‍കിയത്.
ഡ്രൈവറുടെ കാബിനും യാത്രികനും തമ്മില്‍ സമ്പര്‍ക്കമുണ്ടാകാതിരിക്കാനായിരുന്നു കളക്ടര്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ നിലവില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ തങ്ങളെ കൊണ്ട് ഫൈബര്‍ ഷീല്‍ഡ് പിടിപ്പിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പറയുന്നത്. ഒരു ഓട്ടോറിക്ഷയില്‍ ഫൈബര്‍ ഷീല്‍ഡ് പിടിപ്പിക്കാനായി കുറഞ്ഞത് 400 രൂപയാണ് ചെലവ് വരുന്നത്.
ഫൈബര്‍ ഷീല്‍ഡ് പിടിപ്പിക്കുന്നതിന് വര്‍ക്‌ഷോപ്പില്‍ ഒരു ദിവസം നഷ്ടമാകുമെന്നും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പറയുന്നു. ചിലയിടങ്ങളില്‍ ഓട്ടോറിക്ഷ ജീവനക്കാര്‍ സുതാര്യമായ ഷീറ്റ് വാങ്ങി വലിച്ചുകെട്ടി താത്കാലികമായി ഒരു മറ സൃഷ്ടിച്ചിട്ടുണ്ട്.
150 രൂപയാണ് ഇതിന് ചെലവു വരുന്നത്. കളക്ടറുടെ ഉത്തരവ് പ്രകാരം ഇനി അഞ്ച് ദിവസം കൂടിയാണ് ഓട്ടോറിക്ഷ തൊഴിലാളികളുടെ മുന്നില്‍ ബാക്കിയുള്ളത്. നിബന്ധന പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി നടപടിയെടുക്കാന്‍ ആര്‍.ടി.ഒ.യ്ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തയ്യാറാണ്, പക്ഷേ...
ബുദ്ധിമുട്ടിലാണ് ഓട്ടോഡ്രൈവര്‍മാര്‍. ഫൈബല്‍ ഷീല്‍ഡുകള്‍ അടിച്ചേല്‍പ്പിക്കരുത്. ഷീല്‍ഡ് വെക്കാന്‍ സഹായം ഉണ്ടാവണം. സി.എസ്.ആര്‍. ഫണ്ടുപയോഗിച്ച് പണം കണ്ടെത്താം. ഷീല്‍ഡില്‍ പരസ്യം നല്‍കുകയുമാകാം.
സക്കീര്‍ തമ്മനം (ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍ (എ.ഐ.യു.ഡബ്ല്യു.സി.) ജില്ലാ സെക്രട്ടറി)
ആവശ്യം ഉന്നയിച്ചത് തൊഴിലാളി സംഘടനകള്‍
ഫൈബര്‍ ഷീല്‍ഡ് ആവശ്യപ്പെട്ടത് തൊഴിലാളി സംഘടനകളാണ്. കളക്ടര്‍ വിളിച്ച മീറ്റിങ്ങില്‍ ഇതിന് ഫണ്ട് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഒന്നും ഉണ്ടായില്ല.
എം.ബി. സ്യമന്തഭദ്രന്‍ (ഓട്ടോറിക്ഷ സഹകരണ സംഘം പ്രസിഡന്റ്)
നടപടികള്‍ തുടങ്ങും
ആര്‍.ടി.ഒ. ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളില്‍ എത്തി നിര്‍ദേശം നല്‍കുന്നുണ്ട്. 15ാം തീയതിക്കു ശേഷം ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും.
ബാബു ജോണ്‍ (എറണാകുളം ആര്‍.ടി.ഒ.)
Content Highlights: Collector Order All Auto Should Have Fiber Shield To Ensure Social Distancing