പെട്രോള്‍ വില നൂറുകടന്ന കാലത്ത് വൈദ്യുത വാഹനങ്ങള്‍ക്കുപുറമെ സി.എന്‍.ജി. (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) ഇന്ധനമായി പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ എണ്ണവും കൂടുന്നു. സംസ്ഥാനത്ത് ഇന്ധനം സി.എന്‍.ജി. മാത്രമായി രജിസ്റ്റര്‍ ചെയ്ത ആകെ വാഹനങ്ങളുടെ 75 ശതമാനവും രജിസ്റ്റര്‍ ചെയ്തത് ഈവര്‍ഷമാണ്.
ഗതാഗത മന്ത്രാലയത്തിന്റെ കേന്ദ്രീകൃത സോഫ്റ്റ്വെയര് സംവിധാനമായ പരിവാഹനിലെ കണക്കുപ്രകാരം ആകെ 1,237 വാഹനങ്ങളാണ് സംസ്ഥാനത്താകെ ഇന്ധനം സി.എന്‍.ജി. മാത്രമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതില്‍ 936 വാഹനങ്ങളും 2021-ലെ ഈ ഒമ്പതുമാസത്തിനിടെമാത്രം രജിസ്റ്റര്ചെയ്തവയാണ്.
ഇതിനുമുമ്പുള്ള അഞ്ചുവര്‍ഷങ്ങളില്‍ നൂറുവാഹനങ്ങള്പോലും സി. എന്‍.ജി.യായി രജിസ്റ്റര്‍ചെയ്തിട്ടില്ല. 2020-ല്‍ 89 വാഹനങ്ങളും 2019-ല്‍ 23 വാഹനങ്ങളും 2018-ല്‍ പത്ത് വാഹനങ്ങളും 2017-ല്‍ എട്ടും മാത്രം രജിസ്റ്റര്ചെയ്തിടത്താണ് ഇത്തവണ 936-ലേക്കുയര്‍ന്നത്.
സി.എന്‍.ജി. തീര്‍ന്നാല്‍ പെട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന വാഹനങ്ങളും ഏറെയുണ്ട്. പെട്രോളിനൊപ്പം സി.എന്‍.ജി.യും ഇന്ധനമായി മാറ്റി ഉപയോഗിക്കാവുന്ന 1,491 വാഹനങ്ങള്‍ ഈവര്‍ഷം രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.
എറണാകുളത്തും തൃശ്ശൂരും കോഴിക്കോടുമെല്ലാം സി.എന്‍.ജി. വിതരണംചെയ്യുന്ന പമ്പുകളും സജീവമായിട്ടുണ്ട്. വൈദ്യുത വാഹനങ്ങള്‍ക്കും ഇപ്പോള്‍ ഉപയോക്താക്കള്‍ കൂടുതലാണ്. 4,528 വൈദ്യുത വാഹനങ്ങളാണ് ഈവര്‍ഷം സംസ്ഥാനത്തെ നിരത്തിലിറങ്ങിയത്.
Content Highlights: CNG Vehicle Registration Increased In Kerala, CNG Vehicles
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..