പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്‌ക്കൊപ്പം കംപ്രസ്ഡ് നാച്വറല്‍ ഗ്യാസിന്റെ (സി.എന്‍.ജി.) വില വര്‍ധനയും വാഹന ഉടമകളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കണ്ണൂരില്‍ രണ്ട് സി.എന്‍.ജി. പമ്പുകള്‍ വന്നതോടെ നിരവധി വാഹനങ്ങളാണ് ചുരുങ്ങിയ കാലയളവില്‍ നിരത്തിലിറങ്ങിയത്. എന്നാല്‍ ഒരുമാസത്തിനിടെ സി.എന്‍.ജി.ക്കുണ്ടായ വില വര്‍ധനയാണ് ഇവരെ ദുരിതത്തിലാക്കിയിരിക്കുന്നത്.

സി.എന്‍.ജി.ക്ക് കിലോയ്ക്ക് തുടക്കത്തില്‍ 63 രൂപയായിരുന്നു വില. ആദ്യവാരം ഒറ്റയടിക്ക് 5.50 രൂപ വര്‍ധിച്ച് 68.50 രൂപയായി. പിന്നീട് ഒരുരൂപയും ഒക്ടോബര്‍ 30-ന് 3.50 രൂപയും വര്‍ധിച്ച് 73 രൂപയായി. മൂന്നുതവണയായി 10 രൂപയുടെ വര്‍ധനയാണുണ്ടായത്. കഴിഞ്ഞദിവസം രണ്ടുരൂപ കൂടിയതോടെ വില 75-ലെത്തി. കണ്ണൂരില്‍ ചൊവ്വാഴ്ച പെട്രോളിന് 104.40 രൂപയും ഡീസലിന് 91.67 രൂപയുമാണ് വില.

സി.എന്‍.ജി.യില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോകളാണ് ജില്ലയില്‍ കൂടുതലുള്ളത്. ഇതിനുപുറമെ കാറുകളും പുതുതായി നിരവധി കാര്യേജ് വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്. പള്ളിക്കുന്നിലെ ഫ്രീഡം ഫ്യൂവല്‍ പമ്പിലും മട്ടന്നൂരിലുമാണ് നിലവില്‍ സി.എന്‍.ജി. പമ്പുകളുള്ളത്. രണ്ട് പമ്പുകളില്‍നിന്നുമായി ദിവസം ഏകദേശം 1000 കിലോ സി.എന്‍.ജി. ചെലവാകുന്നുണ്ട്. പള്ളിക്കുന്ന് പമ്പില്‍ മാത്രം ഒരുദിവസം 100-ലധികം വാഹനങ്ങള്‍ സി.എന്‍.ജി.ക്കായി എത്തുന്നുണ്ട്.

ടാങ്ക് നിറയ്ക്കാന്‍ പെടാപ്പാട്

'ഓഗസ്റ്റ് മാസത്തിലാണ് സി.എന്‍.ജി. ഓട്ടോ എടുത്തത്. അന്ന് 350 രൂപയ്ക്ക് ഫുള്‍ ടാങ്ക് സി.എന്‍.ജി. നിറയ്ക്കാമായിരുന്നു. ഇന്ന് 420 രൂപയോളം വേണം ടാങ്ക് നിറയ്ക്കാന്‍. പെട്രോള്‍, ഡീസല്‍ വിലവര്‍ധയ്ക്കിടെ ഇക്കാര്യം ആരുടെയും ശ്രദ്ധയില്‍പ്പെടാറില്ല'- ചക്കരക്കല്ലിലെ ഓട്ടോഡ്രൈവര്‍ അനില്‍കുമാര്‍ പറഞ്ഞു. ഡീസല്‍ ഓട്ടോ വിറ്റിട്ടാണ് പ്രജീഷ് ചന്ദ്രോത്ത് സി.എന്‍.ജി. ഓട്ടോ എടുത്തത്. ഒരുദിവസം ഒറ്റയടിക്ക് അഞ്ചുരൂപയോളമാണ് സി.എന്‍.ജി.ക്ക് കൂടിയത്. ഡീസലിന് വിലകുറച്ചപ്പോള്‍ സി.എന്‍.ജി.ക്കും വിലകുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും പ്രജീഷ് പറഞ്ഞു.

കാരണം അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം

എറണാകുളത്തെ എല്‍.എന്‍.ജി. (ലിക്വിഡ് നാച്വറല്‍ ഗ്യാസ്) ടെര്‍മിനലില്‍നിന്നാണ് കണ്ണൂരിലേക്കുള്ള സി.എന്‍.ജി. എത്തിക്കുന്നത്. ഇതിനായുള്ള ഗതാഗതച്ചെലവ് അടക്കമാണ് 75 രൂപ നിശ്ചയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എല്‍.എന്‍.ജി.ക്ക് വിലകൂടിയതാണ് വിലക്കയറ്റത്തിനുള്ള കാരണം. എന്നാല്‍ ഗതാഗതച്ചെലവ് കൂട്ടാതെയാണ് വിലനിയന്ത്രിച്ച് നിര്‍ത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. അതിനാല്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിലവില്‍ ഒരേ വിലയാണ്. കണ്ണൂരില്‍ സിറ്റി ഗ്യാസ് നിലവില്‍ വരുന്നതോടെ വില കുറയ്ക്കാനാകുമെന്നും അധികൃതര്‍ പറഞ്ഞു.

Content Highlights: CNG price increased, 12 rupees increased in one month, CNG Vehicle, Petrol-Diesel Price Hike, CNG Price Hike