പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഡീസലിനും പെട്രോളിനും പിന്നാലെ സമ്മര്‍ദിത പ്രകൃതിവാതകത്തിനും (സി.എന്‍.ജി.) വില കുതിക്കുന്നു. ഒരുകിലോയ്ക്ക് നാലുരൂപ വര്‍ധിച്ച് 91 രൂപയായി. നാലുമാസത്തിനിടെ വര്‍ധിച്ചത് 16 രൂപ. ഒറ്റദിവസം വില 87-ല്‍നിന്ന് 91-ലേക്ക് കുതിച്ചപ്പോള്‍ കിതച്ചുപോയത് ഓട്ടോറിക്ഷക്കാരാണ്. ഒരുവര്‍ഷം മുന്‍പ് സി.എന്‍.ജി. കണ്ണൂരില്‍ തുടങ്ങുമ്പോള്‍ കിലോയ്ക്ക് 65 രൂപയായിരുന്നു.
ഏപ്രില്‍മുതല്‍ ഗെയ്ലിന്റെ കൂടാളി പൈപ്പ് ലൈന്‍ വഴി എത്തിത്തുടങ്ങി. അപ്പോള്‍ 75 രൂപയാണ്. ഏപ്രിലില്‍തന്നെ വീണ്ടും വര്‍ധിച്ചു. കിലോയ്ക്ക് 82 രൂപ. പിന്നീടത് 84 രൂപയായി. കഴിഞ്ഞ ദിവസംവരെ 87 രൂപയുണ്ടായിരുന്നതാണ് ചൊവ്വാഴ്ചമുതല്‍ 91 രൂപയായത്.
വില കൂടിയെങ്കിലും നിലവില്‍ ക്ഷാമം ഇല്ലെന്നും ആവശ്യത്തിന് കിട്ടുന്നുണ്ടെന്നും ഇന്ത്യന്‍ ഓയില്‍ അദാനി അധികൃതര്‍ പറഞ്ഞു. അന്താരാഷ്ട്രവിപണിയില്‍ വില 15-ല്‍നിന്ന് 55 ഡോളറായി കുതിച്ചതാണ് വില വര്‍ധനയ്ക്ക് കാരണമായതെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു. റഷ്യ-യുക്രൈന് യുദ്ധവും വില കൂടാനുള്ള കാരണമായി പറയുന്നു.
കേരളത്തിലെ വാഹനങ്ങളില്‍ ഗെയിലിന്റെ കൊച്ചി-മംഗളൂരു എല്‍.എന്‍.ജി. പൈപ്പ് ലൈനില്‍നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. കണ്ണൂര്‍, കൂടാളി, കൊച്ചി, പാലക്കാട് എന്നിവയാണ് ടെര്‍മിനലുകള്‍. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ.ഒ.എ.ജി.പി.എല്‍.) ആണ് ഇന്ധന വിതരണക്കാര്‍. കോഴിക്കോട്, മലപ്പുറം, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഇനി ഇന്ത്യന്‍ ഓയില്‍ അദാനിയുടെ ടെര്‍മിനല്‍ വരുന്നത്.
കുതിക്കുമ്പോള്‍ പേടി
മൈലേജിലാണ് ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നതെന്ന് പയ്യന്നൂരിലെ ഓട്ടോഡ്രൈവര്‍ കെ. ചന്ദ്രന് പറഞ്ഞു. കിലോമീറ്റര്‍ താണ്ടി കണ്ണൂരില്‍ എത്തി സി.എന്‍.ജി. നിറച്ച കാസര്‍കോട് ജില്ലക്കാര്‍ക്ക് രണ്ട് പമ്പുകള്‍ വന്നതിന്റെ ആശ്വാസമുണ്ട്. എന്നാല്‍, അതിനിടയിലാണ് വിലവര്‍ധന തിരിച്ചടിയായതെന്ന് ചെറുവത്തൂരിലെ ഓട്ടോഡ്രൈവര്‍ ഷിമോദ് പറഞ്ഞു. എങ്കിലും മൈലേജിന്റെ കാര്യത്തില്‍ സി.എന്‍.ജി. സൂപ്പറാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..