രിസ്ഥിതി സൗഹാര്‍ദമായ വാഹനങ്ങള്‍ക്ക് പ്രധാന്യം നല്‍കാനുള്ള പദ്ധതികളാണ് രാജ്യത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ ആദ്യ മൊബൈല്‍ സി.എന്‍.ജി റീ-ഫ്യുവലിങ്ങ് യൂണിറ്റ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലാണ് ഈ സേവനം ആരംഭിക്കുന്നത്. 

ഈ രണ്ട് സ്ഥാലങ്ങളിലെ സി.എന്‍.ജി. പൈപ്പ്‌ലൈന്‍ എത്തിയിട്ടില്ലാത്തതും റീ-ഫ്യുവലിങ്ങ് സ്റ്റേഷനുകള്‍ ഇല്ലാത്തതുമായ പ്രദേശങ്ങളില്‍ സി.എന്‍.ജി. വിതരണം ഉറപ്പാക്കുന്നതിനായാണ് മൊബൈല്‍ റീ-ഫ്യുവല്ലിങ്ങ് യൂണിറ്റ് ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. അധിക ചാര്‍ജ് ഈടാക്കാതെ 24 മണിക്കൂറും ഉപയോക്താവിന്റെ വീട്ടുപടിക്കല്‍ ഈ സേവനം ലഭ്യമാക്കുമെന്നാണ് വിവരം.

1500 കിലോഗ്രാം സി.എന്‍.ജി. ആയിരിക്കും ടാങ്കറില്‍ സ്‌റ്റോര്‍ ചെയ്യുന്നത്. ഇത് 150 മുതല്‍ 200 വാഹനങ്ങളില്‍ നിറക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്, മഹാനഗര്‍ ഗ്യാസ് എന്നീ കമ്പനികളാണ് ഡല്‍ഹിയിലേയും മുംബൈയിലേയും ഗ്രാമപ്രദേശങ്ങളില്‍ ഈ സേവനം എത്തിക്കാനായി സന്നദ്ധത അറിയിച്ചിട്ടുള്ളത്. 

ഇന്ധന വിതരണ സംവിധാനത്തിലെ പുതിയ കാല്‍വയ്പ്പാണിതെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇന്ധന ഉപയോഗം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മൊബൈല്‍ റീ-ഫ്യുവലിങ്ങ് യൂണിറ്റ് എത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണ്. ഈ സേവനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിനൊപ്പം ഷോപ്പിങ്ങ് മാള്‍, ഓഫീസുകളില്‍ എത്തിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൊബൈല്‍ റീ-ഫ്യുവലിങ്ങ് യൂണിറ്റുകള്‍ക്ക് പുറമെ, രാജ്യത്തുടനീളം 201 സി.എന്‍.ജി. സ്റ്റേഷനുകളും കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. സി.എന്‍.ജി. സ്റ്റേഷനുകള്‍ക്ക് പുറമെ, ഹൈഡ്രജന്‍, ഡീസല്‍, പെട്രോള്‍, ഇലക്ട്രിക് ബാറ്ററികള്‍ തുടങ്ങിയവയെല്ലാം സിംഗിള്‍ പോയന്റില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കുമെന്നാണ് മന്ത്രി ഉറപ്പ് നല്‍കിയിട്ടുള്ളത്.

Content Highlights; CNG Mobile Re-Fueling Units Starts In Mumbai and Delhi