ലസ്ഥാനത്തെ ആദ്യത്തെ സമ്മര്‍ദിത പ്രകൃതിവാതക (സി.എന്‍.ജി.) വിതരണകേന്ദ്രം ആനയറയില്‍ ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിക്കും. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപം സര്‍ക്കാരില്‍നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പാട്ടത്തിനെടുത്ത 1.61 ഏക്കറിലാണ് കേന്ദ്രം ഒരുങ്ങുന്നത്. പൊതുവാഹനങ്ങള്‍ക്കും ഇവിടെനിന്ന് ഇന്ധനം നിറയ്ക്കാം. സി.എന്‍.ജി. ഇന്ധനമായ ഓട്ടോറിക്ഷകള്‍ വിപണിയിലുണ്ട്.

സര്‍ക്കാരിന്റെ പുതിയ നിബന്ധനപ്രകാരം സിറ്റി ഓട്ടോ പെര്‍മിറ്റുകള്‍ ഹരിത ഇന്ധന-വൈദ്യുതി വാഹനങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇന്ധനലഭ്യതയാണ് പ്രധാന തടസ്സം. പുതിയ വിതരണകേന്ദ്രത്തോടെ ഈ പ്രതിസിന്ധി മറികടക്കാനാകും. ഇന്ധനവിതരണ കേന്ദ്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് ഐ.ഒ.സി. അധികൃതര്‍ പറഞ്ഞു. കൊച്ചിയിലാണ് പ്രധാന സംഭരണകേന്ദ്രമുള്ളത്. ഇതില്‍നിന്നുമെത്തിക്കുന്ന എല്‍.എന്‍.ജി. (ദ്രവീകൃത പ്രകൃതിവാതകം) ക്രയോജനിക്ക് ടാങ്കില്‍ സംഭരിക്കും.

അതിശൈത്യത്തില്‍ ദ്രവീകൃതരൂപത്തില്‍ കൊണ്ടുവന്നശേഷം വാതകരൂപത്തിലേക്കു മാറ്റുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. എല്‍.എന്‍.ജി. സംഭരണടാങ്കുകള്‍ സ്ഥാപിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. നാസിക്കിലെ ഫാക്ടറിയില്‍നിന്നാണ് ക്രയോജനിക്ക് ടാങ്ക് എത്തിക്കുന്നത.് -160 ഡിഗ്രി സെല്‍ഷ്യസിലാണ് എല്‍.എന്‍.ജി. സൂക്ഷിക്കുന്നത്. ദ്രവീകൃതമാക്കുമ്പോള്‍ പ്രകൃതിവാതകത്തിന്റെ സംഭരണശേഷി 600 മടങ്ങ് വര്‍ധിപ്പിക്കാനാകും.

Electric Cars

പ്രത്യേകം രൂപകല്പന ചെയ്ത ടാങ്കറുകളിലാണ് എല്‍.എന്‍.ജി. എത്തിക്കുക. മുന്നിലെ വിതരണകേന്ദ്രത്തിലേക്കും മറ്റു പമ്പുകളിലേക്കും വാതകരൂപത്തില്‍ നല്‍കും. ടാങ്ക് എത്തിച്ചാല്‍ രണ്ടുദിവസത്തിനുള്ളില്‍ സ്ഥാപിക്കേണ്ടതുണ്ട്. അടിസ്ഥാനത്തിന്റെ നിര്‍മാണജോലികള്‍ ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. മുന്നിലെ പമ്പില്‍ പെട്രോള്‍, സീസല്‍ വിതരണ സംവിധാനവും ഉണ്ടാകും.

ഇതിനു പുറമെ സി.എന്‍.ജി. ടെര്‍മിനലും വരും. വൈദ്യുതിവാഹനങ്ങളും ചാര്‍ജുചെയ്യാം. വാണിജ്യാടിസ്ഥാനത്തിലെ ആദ്യ വൈദ്യുതി വാഹന ചാര്‍ജിങ് കേന്ദ്രമാണിത്. ആദ്യഘട്ടത്തില്‍ വൈദ്യുതിവാഹനങ്ങള്‍ ചാര്‍ജുചെയ്യുന്നതിന് തുക ഈടാക്കില്ല. നിലവില്‍ കൊച്ചിയിലെ ചാര്‍ജിങ് സെന്റിറില്‍ സൗജന്യമായിട്ടാണ് വൈദ്യുതി വാഹനങ്ങള്‍ക്കു സൗകര്യം ഒരുക്കിയിട്ടുള്ളത്. ഭാവിയില്‍ ബില്ലിങ് സൗകര്യം ഏര്‍പ്പെടുത്തും.

വാതകം തണുപ്പിച്ച് ദ്രവീകൃത രൂപത്തിലേക്ക്

പ്രകൃതിവാതകത്തിന്റെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതു തണുപ്പിക്കുന്നതിലൂടെയാണ്. ആദ്യപടിയായി പൈപ്പുകളിലൂടെ കടത്തിവിട്ട് ശുദ്ധീകരിക്കും. ഭൂഗുരുത്വാകര്‍ഷണത്തിലൂടെ അനാവശ്യഘടകങ്ങള്‍ ഒഴിവാക്കും. കാര്‍ബണ്‍ ഡയോക്‌സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ് എന്നിവ പിന്നീട് മാറ്റും. രാസമാറ്റത്തിലൂടെ ഘടകങ്ങള്‍ ഒന്നിപ്പിക്കും. പിന്നീട് -160 ഡിഗ്രി സെല്‍ഷ്യസില്‍ തണുപ്പിക്കും. 600 മടങ്ങ് സംഭരണശേഷി വര്‍ധിപ്പിക്കാനാകും. പ്രത്യേക ഇന്‍സുലേറ്റഡ് ടാങ്കുകളില്‍ സംഭരിക്കും. വിതരണത്തിനു മുന്നോടിയായി റീക്ലാസിഫിക്കേഷന്‍ പ്ലാന്റിലൂടെ കടത്തിവിട്ട് സി.എന്‍.ജി.യായി മാറ്റും.

എല്‍.എന്‍.ജി. ബസുകളും വരുന്നു

എല്‍.എന്‍.ജി. നേരിട്ട് ഇന്ധനമായി ഉപയോഗിക്കാവുന്ന ബസുകള്‍ ഉടന്‍ നിരത്തിലെത്തും. പെട്രോനെറ്റാണ് ഇതിന്റെ പണിപ്പുരയിലുള്ളത്. നിലവില്‍ രണ്ടു ബസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചിയിലെ ഫാക്ടറിയില്‍ ഓടുന്നുണ്ട്. സംഭരണശേഷി കൂടുതലാണെന്നതാണ് പ്രത്യേകത. സി.എന്‍.ജി. ബസുകള്‍ ഓടുന്നതിന്റെ മൂന്നിരട്ടി ദൂരം എല്‍.എന്‍.ജി. ബസുകള്‍ ഓടിക്കാനാകും. ഭാവിയില്‍ എല്‍.എന്‍.ജി. ബസുകള്‍ തലസ്ഥാനത്ത് എത്തിച്ചാല്‍ ആനയറയില്‍നിന്ന് ഇന്ധനം ലഭിക്കും. എല്‍.എന്‍.ജി. ഇന്ധനമായ ബസുകള്‍ക്കു കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയത്തിന്റെ അന്തിമാനുമതി ഉടന്‍ ലഭിക്കും. സി.എന്‍.ജി.യെക്കാള്‍ ഭാവിയുടെ ഇന്ധനമായി വിശേഷിപ്പിക്കുന്നത് എല്‍.എന്‍.ജി.യെയാണ്.

KSRTC CNG

കെ.എസ്.ആര്‍.ടി.സി. കൈയൊഴിഞ്ഞു

സി.എന്‍.ജി. ബസുകള്‍ക്കുവേണ്ടി വിതരണകേന്ദ്രം ആരംഭിക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് കെ.എസ്.ആര്‍.ടി.സി.യാണ്. തലസ്ഥാനത്ത് 1000 സി.എന്‍.ജി. ബസുകള്‍ ഓടിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, അതിനെക്കാള്‍ ലാഭകരം വൈദ്യുതിവാഹനങ്ങളാണെന്ന നിഗമനത്തിലാണ് കെ.എസ്.ആര്‍.ടി.സി. സി.എന്‍.ജി. ബസുകള്‍ വാങ്ങുന്ന പദ്ധതി മരവിപ്പിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് സ്വകാര്യവാഹനങ്ങള്‍ക്കുവേണ്ടി സി.എന്‍.ജി. കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഐ.ഒ.സി. തീരുമാനിച്ചത്.

Content Highlights: CNG Center and Vehicle Charging Station In Thiruvananthapuram