''പ്രകൃതിക്ക് ദോഷമില്ല, ലാഭവുമുണ്ട്. ഇതു കേട്ടാണ് സി.എന്‍.ജി. ഓട്ടോ വാങ്ങിയത്. എണ്ണയുടെ വിലയും കൂടുന്നതിനാല്‍ വേറൊന്നും ആലോചിച്ചില്ല. 2024-ല്‍ എല്ലാ വണ്ടികളും സി.എന്‍.ജി. ആകുമെന്നും കേട്ടു. പക്ഷേ, ഇപ്പോള്‍ വണ്ടിക്ക് ഗ്യാസ് നിറയ്ക്കാന്‍ സംവിധാനമില്ല. സി.എന്‍.ജി. പമ്പില്‍ ചെല്ലുമ്പോള്‍ സിലിന്‍ഡറിന്റെ സമയം കഴിഞ്ഞെന്നാണ് പറയുന്നത്. എന്തു ചെയ്യുമെന്ന് അറിയില്ല'' - കളമശ്ശേരി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഇന്‍ഷാദിന്റെ വാക്കുകളാണിത്.

ഹൈഡ്രോ ടെസ്റ്റിന് സംവിധാനമില്ലാത്തതാണ് സി.എന്‍.ജി. ഓട്ടോ ഡ്രൈവര്‍മാരുടെ പ്രശ്‌നം. സി.എന്‍.ജി. വാഹനങ്ങള്‍ മൂന്നു വര്‍ഷത്തിനു ശേഷം ഹൈഡ്രോ ടെസ്റ്റിന് വിധേയമാക്കണം. എന്നാല്‍ ഓട്ടോ തൊഴിലാളികള്‍ക്ക് ഇതേക്കുറിച്ച് ധാരണയില്ല. വാഹനങ്ങള്‍ വാങ്ങിയ സമയത്ത് കമ്പനി ഇതേക്കുറിച്ചൊന്നും വ്യക്തമാക്കിയില്ലെന്ന് അവര്‍ പറയുന്നു. 

കാലാവധി തീര്‍ന്നതോടെ പമ്പില്‍നിന്ന് ഗ്യാസ് ലഭിക്കില്ലെന്നറിഞ്ഞപ്പോഴാണ് തൊഴിലാളികള്‍ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്. ഹൈഡ്രോ ടെസ്റ്റ് നടത്താതെ ഗ്യാസ് ലഭിക്കില്ലെന്ന് പമ്പുകള്‍ അറിയിച്ചതോടെ പലര്‍ക്കും ജീവിതം വഴിമുട്ടി. കോവിഡ് പ്രതിസന്ധി മെല്ലെ അയഞ്ഞ് വണ്ടികള്‍ ഓടിത്തുടങ്ങിയപ്പോഴേക്കുമാണ് പുതിയ പ്രശ്‌നം.

ടെസ്റ്റ് ചെയ്യാം, പക്ഷേ എവിടെ ?

ഹൈഡ്രോ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനം കേരളത്തില്‍ ഇല്ലാത്തതാണ് പ്രശ്‌നം. ഹൈദരാബാദിലും വിജയവാഡയിലുമൊക്കെയാണ് ഈ സംവിധാനമുള്ളത്. 1500 രൂപ ചെലവുള്ള ടെസ്റ്റ് കേരളത്തിനു പുറത്ത് ചെയ്യുമ്പോള്‍ പണവും കാലതാമസവും കൂടും. അതുവരെ വണ്ടിയോടിക്കാനും കഴിയില്ല.

വണ്ടിയെങ്ങനെ ഓടിക്കും

2018-ല്‍ വാങ്ങിയ വണ്ടിയാണ്. ഗ്യാസ് നിറയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. 250 പേരുള്ള ഞങ്ങളുടെ ഗ്രൂപ്പുണ്ട്. എല്ലാവരും സമാന പ്രശ്‌നങ്ങളാണ് പറയുന്നത്. ഞങ്ങളുടെ പൊതുവായ പ്രതിസന്ധിയാണിത്. പരിഹാരം കണ്ടില്ലേല്‍ പട്ടിണിയാകും.

-ഗോപകുമാര്‍, ഓട്ടോറിക്ഷാത്തൊഴിലാളി

വണ്ടി കത്തിച്ചുകളയണോ

ഡീസല്‍ വണ്ടി മാറ്റിയിട്ടാണ് സി.എന്‍.ജി.യിലേക്ക് മാറിയത്. ഇന്ധന വില കൂടിനില്‍ക്കുമ്പോള്‍ അതിലേക്ക് തിരിച്ചുപോകാന്‍ കഴിയില്ല. മലിനീകരണമില്ല എന്നൊക്കെ പറഞ്ഞിട്ടാണ് വണ്ടി മാറ്റിയത്. ഓടിക്കാന്‍ പറ്റിയില്ലേല്‍ വണ്ടി കത്തിച്ചുകളയുകയേ വഴിയുള്ളു. ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം എപ്പോഴാണ് ഇവിടെ വരിക.

- എന്‍.സലാം, പള്ളുരുത്തി

Content Highlights: CNG Auto Drivers Faceing Crisis Duo To Lack Of Hydro Test System