കുട്ടികള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ ഹാഫ് ടിക്കറ്റിനുള്ള കൃത്യമായ പ്രായപരിധി എത്രയാണെന്ന് പലര്‍ക്കും ധാരണയില്ല. അതുകൊണ്ടുതന്നെ ഹാഫ് ടിക്കറ്റ് എടുക്കുമ്പോള്‍ കുട്ടികളുടെ പ്രായം പലപ്പോഴും ബസ്സിനുള്ളില്‍ തര്‍ക്ക വിഷയമാകാറുണ്ട്. ഇതൊഴിവാക്കാന്‍ കുട്ടികളുടെ ഹാഫ് ടിക്കറ്റ് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ട്രോളായി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ജനങ്ങളെ അറിയിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. 

കെഎസ്ആര്‍ടിസിയില്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ് എടുക്കേണ്ട പ്രായപരിധി അഞ്ച് വയസ്സ് തികയുന്ന ദിനം മുതല്‍ 12 വയസ്സ് തികയുന്ന ദിനം വരെയാണെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല, യാത്ര തികച്ചും സൗജന്യമാണ്. 12 വയസ്സ് തികഞ്ഞ കുട്ടികള്‍ക്ക് ഫുള്‍ ടിക്കറ്റ് എടുക്കുകയും വേണം - കെഎസ്ആര്‍ടിസി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. 

കുട്ടികളുടെ വയസ്സ് സംബന്ധിച്ച് കണ്ടക്ടര്‍ സംശയം ഉന്നയിച്ചാല്‍ സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറയല്‍ രേഖ കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്താമെന്നും കെഎസ്ആര്‍ടിസി പറയുന്നു. ടിക്കറ്റ് എടുക്കാതെയുള്ള യാത്ര ശിക്ഷാര്‍ഹമാണെന്നും കെഎസ്ആര്‍ടിസി ഓര്‍മ്മപ്പെടുത്തുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

പ്രിയ യാത്രക്കാരെ,

കുട്ടികള്‍ക്ക് ബസ്സില്‍ ഹാഫ് ടിക്കറ്റ് എടുക്കുന്ന പ്രായം പലപ്പോഴും ബസ്സിനുള്ളില്‍ തര്‍ക്കമുണ്ടാക്കുന്ന ഒരു വിഷയമാണല്ലോ...

കെ.എസ്.ആര്‍.ടി.സി-യില്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ് എടുക്കേണ്ട പ്രായപരിധി 5 വയസ്സ് തികയുന്ന ദിനം മുതല്‍ 12 വയസ്സ് തികയുന്ന ദിനം വരെയാണ്.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ ഹാഫ് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല... അത് തികച്ചും സൗജന്യമാണ്...

എന്നാല്‍ 12 വയസ്സ് കഴിഞ്ഞ കുട്ടികള്‍ക്ക് ഫുള്‍ ടിക്കറ്റ് ആണ് എടുക്കേണ്ടത്...

ഏതെങ്കിലും കാരണവശാല്‍ കുട്ടികളുടെ വയസ്സ് സംബന്ധമായി എന്തെങ്കിലും സംശയം കണ്ടക്ടര്‍ ഉന്നയിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്താവുന്നതാണ്...

ടിക്കറ്റ് എടുക്കാതെയുള്ള കെ.എസ്.ആര്‍.ടി.സി ബസുകളിലെ യാത്ര ശിക്ഷാര്‍ഹമായ കുറ്റമാണ്...

സുഖകരമായ യാത്ര ആസ്വദിക്കുന്നതിനായി എല്ലാ പ്രിയ യാത്രക്കാരും ടിക്കറ്റ് കൃത്യസമയത്ത് കരസ്ഥമാക്കി എന്നുറപ്പ് വരുത്തേണ്ടതാണ്...

കെ.എസ്.ആര്‍.ടി.സി എന്നും ജനങ്ങള്‍ക്കൊപ്പം...

Content Highlights; childrens age limit for half ticket in ksrtc bus