പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നത് തടയിടാന്‍ പരിഷ്‌കരിച്ച മോട്ടോര്‍ വാഹന ഭേദഗതി ബില്ലില്‍ 25,000 രൂപ പിഴയും മാതാപിതാക്കള്‍ക്ക് അല്ലെങ്കില്‍ വാഹന ഉടമയ്ക്ക് മൂന്ന് വര്‍ഷം വരെ തടവുമാണ് ശിക്ഷ. എന്നാല്‍ ഇത്ര ഉയര്‍ന്ന പിഴ നല്‍കിയിട്ടും കുട്ടി ഡ്രൈവര്‍മാര്‍ക്ക് വലിയ കുറവൊന്നും വന്നിട്ടില്ലെന്നാണ് ഹൈദരാബാദില്‍ നിന്നുള്ള ഈ വീഡിയോ വ്യക്തമാക്കുന്നത്. കുടുംബത്തിനൊപ്പമുള്ള യാത്രയിലാണ് പത്തുവയസ്സ്  പ്രായം വരുന്ന ഈ കുട്ടി കാറോടിക്കുന്നത്. 

ടൈഗര്‍ നീലേഷ് എന്നയാള്‍ ട്രാഫിക് പോലീസിനെ ടാഗ് ചെയ്ത് ട്വിറ്ററിലിട്ട ഈ നിയമലംഘന വീഡിയോ ഇതിനകം നിരവധി പേര്‍ കണ്ടുകഴിഞ്ഞു. ഹൈദരാബാദ് ഔട്ടര്‍റിങ് റോഡിലാണ് സംഭവം നടന്നത്. പോലീസിന്റെ ശ്രദ്ധയില്‍പ്പെടാന്‍ കൃത്യമായ സ്ഥലം, തിയതി, സമയം എന്നിവ സഹിതമായിരുന്നു ഇയാളുടെ ട്വീറ്റ്. വീഡിയോ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതോടെ തൊട്ടടുത്ത ദിവസം തന്നെ ഈ വാഹന ഉടമയുടെ പേരില്‍ ചുമത്തിയ ഇ-ചലാന്‍ രസീത് ട്രാഫിക് പോലീസ്‌ നീലേഷിന്റെ ട്വീറ്റിന് മറുപടിയായി പോസ്റ്റ് ചെയ്തു. 

അപകടകരമായ ഡ്രൈവിങ്, പ്രായപൂര്‍ത്തിയാകാത്തയാള്‍ വാഹനമോടിച്ചു, ഉത്തരവുകളുടെ ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇ-ചലാന്‍. അതേസമയം കുട്ടിക്ക് വാഹനം ഓടിക്കാന്‍ നല്‍കിയ മാതാപിതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ പോലീസ് വ്യക്തതയൊന്നും നല്‍കിയിട്ടില്ല. 

Content Highlights; child spotted driving a car, police issue challan