മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക യാത്രകൾക്ക് ഉപയോഗിക്കുന്നതിനുവേണ്ടി പുതുതായി വാങ്ങിയ കാർ | ഫോട്ടോ: മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക യാത്രകള്‍ ഇനി കറുത്ത ഇന്നോവ ക്രിസ്റ്റയില്‍. വെള്ളവാഹനങ്ങള്‍ ഉപയോഗിക്കുന്ന പതിവുമാറ്റി മുഖ്യമന്ത്രി തിങ്കളാഴ്ച മുതല്‍ കറുത്ത കാറില്‍ യാത്രചെയ്തു തുടങ്ങി. കെ.എല്‍.01 സി.ടി. 6683 രജിസ്ട്രേഷനിലെ ഫുള്‍ ഓപ്ഷന് ക്രിസ്റ്റല്‍ ഷൈന്‍ ബ്ലാക്ക് ക്രിസ്റ്റയാണ് മുഖ്യമന്ത്രിയുടെ പുതിയ ഔദ്യോഗിക വാഹനം.
പോലീസ് നിര്‍ദേശത്തെത്തുടര്‍ന്നാണ് മുഖ്യമന്ത്രി കറുത്ത കാറിലേക്കു മാറിയത്. മന്ത്രിമാര്‍ക്കും മറ്റ് വി.ഐ.പി.കള്‍ക്കും ടൂറിസം വകുപ്പ് വാഹനം നല്കുമ്പോള്, സുരക്ഷാകാരണങ്ങളാല്‍ മുഖ്യമന്ത്രിക്ക് പോലീസാണ് വാഹനമെത്തിക്കുന്നത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്കായി കറുത്തനിറത്തിലുള്ള മൂന്നു ഇന്നോവ ക്രിസ്റ്റ കാറുകളും ടാറ്റയുടെ രണ്ട് ഡാര്‍ക്ക് എഡിഷന് ഹാരിയറുകളും വാങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ ലഭിച്ച ആദ്യ കാറാണിത്. വാഹനങ്ങള്‍ വാങ്ങുന്നതിനായി കഴിഞ്ഞ സെപ്റ്റംബറില്‍ 62.46 ലക്ഷം രൂപ പൊതുഭരണവകുപ്പ് അനുവദിച്ചിരുന്നു.
അംബാസിഡര്‍ കാറുകളാണ് മുമ്പ് മന്ത്രിമാര്‍ ഉപയോഗിച്ചിരുന്നത്. സ്ഥാനമേറ്റ് ആദ്യദിനങ്ങളില്‍ അംബാസിഡറില്‍ യാത്രചെയ്തെങ്കിലും ഉമ്മന്‍ചാണ്ടി പിന്നീട് ഇന്നോവയിലേക്കു മാറി. പിണറായി വിജയന് ആദ്യം ഇന്നോവയാണ് ഉപയോഗിച്ചിരുന്നത്. ഭൂരിഭാഗം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇന്നോവ ക്രിസ്റ്റയാണ് ഉപയോഗിക്കുന്നത്.
2.7 പെട്രോള്‍ എന്‍ജിനിലും 2.4 ഡീസല്‍ എന്‍ജിനിലുമാണ് ഇന്നോവ ക്രിസ്റ്റ വിപണിയില്‍ എത്തിയിട്ടുള്ളത്. പെട്രോള്‍ എന്ജിന് 164 ബി.എച്ച്.പി പവറും 245 എന്‍.എം ടോര്‍ക്കും ഡീസല്‍ എന്ജിന് 148 ബി.എച്ച്.പി പവറും 343 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്സ്മിഷന്.
Content Highlights: Chief minister Pinarayi Vijayan use black innova crysta as his official vehicle,Toyota Innova Crysta
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..