നിയുള്ളകാലം വൈദ്യുത വാഹനങ്ങളുടേതാണ്. ഏതു വൈദ്യുത വാഹനവും ചാര്‍ജ് ചെയ്യാവുന്ന ചാര്‍ജിങ് സ്റ്റേഷന്‍ തിങ്കളാഴ്ച കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങി, കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ പഠിച്ച നാലു വിദ്യാര്‍ഥികളാണ് സ്റ്റാര്‍ട്ടാപ്പ് സംരംഭമായി ഇതിനു തുടക്കമിട്ടത്. ചാര്‍ജ് മോഡ് എന്നാണ് സംരംഭത്തിന്റെ പേര്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും ഈ സംവിധാനമുള്ളൂ. കോഴിക്കോട്ടെ യുവാക്കളുടെ ഈ സംരംഭത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ട്. പരിസ്ഥിതി നാശമുണ്ടാക്കാതെ ഇനി ഈ നഗരത്തിലും വാഹനമോടും ഇ- വാഹനങ്ങള്‍.

തരക്കേടില്ലല്ലോ ഇ- പിള്ളേര്‍

എന്‍ജിനിയറിങ് കഴിഞ്ഞിറങ്ങിയ നാലംഗ പിള്ളേര്‍ സെറ്റിന്റെ ചിന്ത ഭാവിയെക്കുറിച്ചായിരുന്നു. സ്വന്തം ഭാവിയെക്കുറിച്ചും നാടിന്റെയും പ്രകൃതിയുടെയും ഭാവിയെക്കുറിച്ചും. ഇതാണ് ചാര്‍ജ് മോഡ് എന്ന സ്റ്റാര്‍ട്ട് ആപ്പിന്റെ ആദ്യ ഇന്ധനം. കമ്പനിയുടെ ഉദയ കാലത്ത് നമ്മുടെ നിരത്തുകളില്‍ വൈദ്യുത വാഹനങ്ങള്‍ തീരെ കുറവായിരുന്നു.പക്ഷേ ഇതൊരു സാധ്യതയായാണ് നാലംഗ യുവസംഘം കണ്ടത്.
പൂര്‍ണമായി വൈദ്യുതവാഹനങ്ങളോടുന്ന കേരളത്തെക്കുറിച്ചും അന്ന് എങ്ങനെ വാഹനങ്ങള്‍ ഓടുമെന്നതിനെക്കുറിച്ചമുള്ള ചിന്ത സഫലമായി. സത്യത്തില്‍ പഠനം ആരംഭിച്ചത് പഠിപ്പുകഴിഞ്ഞുള്ള ആ ദിവസങ്ങളിലായിരുന്നു - കൂട്ടത്തിലൊരാളായ ക്രിസ് തോമസ് പറഞ്ഞു. ഓരോ ദിവസവും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇ- വാഹനങ്ങളെക്കുറിച്ച് അവര്‍ അന്വേഷിച്ചു കൊണ്ടിരുന്നു. എത്ര ഇ വാഹനങ്ങളുണ്ടെന്നത് അവര്‍ കണ്ടെത്തി. കേരളത്തില്‍ എല്ലാ ഇ- വാഹന ഡീലര്‍മാരുമായും ബന്ധം സ്ഥാപിച്ചു.
ഐ.എം. രാമനുണ്ണി, ക്രിസ് തോമസ്, വി. അനൂപ്, സി. അദ്വൈത് എന്നിവരാണ് ടീം ചാര്‍ജ് മോഡ്. സ്റ്റാര്‍ട്ട് ആപ്പ് ഓഫീസ് മാനേജരായി വിശാഖ് വി. രാജ് പ്രവര്‍ത്തിക്കുന്നു.

ചാര്‍ജ് മോഡ് എന്ന ആപ്പ്

ചാര്‍ജ് മോഡ് എന്ന ആപ്പിലൂടെ ഇ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്ന സ്റ്റേഷനുകള്‍ എവിടെയുണ്ടെന്ന്് ഒരു സാധാരണക്കാരന് കണ്ടെത്താന്‍ കഴിയും. അതിനായി ഈ ആപ്പ് ഡൗണ്‍ ലോഡ് ചെയ്താല്‍ മതി. ഒരു വ്യക്തി ഇ - വാഹനം വാങ്ങുന്നതോടെ ഡീലര്‍മാര്‍ അവര്‍ക്ക് ഒരു പവര്‍ കാര്‍ഡ് നല്‍കും. നിശ്ചിത തുകയ്ക്കുള്ള കാര്‍ഡായിരിക്കും അത്. അതനുസരിച്ച് ഒരു മാസത്തേക്ക് അണ്‍ ലിമിറ്റഡായി യാത്ര ചെയ്യാന്‍ സാധിക്കും. ചാര്‍ജ് മോഡ് നല്‍കുന്ന പവര്‍ കാര്‍ഡ് സൈ്വപ്പ് ചെയ്താല്‍ മാത്രം മതി.

ചാര്‍ജിങ് സ്റ്റേഷന്‍ ആരംഭിക്കുന്നവര്‍ക്ക് ഇതൊരു വരുമാനമാര്‍ഗമാണ്. ചാര്‍ജിങ് സ്റ്റേഷന്‍ സെറ്റ് ചെയ്ത ശേഷം ചാര്‍ജ് മോഡിനെ സമീപിച്ചാല്‍ മാത്രം മതി അവര്‍ക്കുവേണ്ട സകല സഹായവും കമ്പനി ചെയ്തുതരും. ഹീറോയുമായി ചേര്‍ന്നാണ് കോഴിക്കോട്ടെ ആദ്യസ്റ്റേഷന്‍. ഓരോ ചാര്‍ജിങ്ങിനും ഒരു നിശ്ചിത തുക സ്റ്റേഷന്‍ ഉടമയ്ക്ക് ലഭിക്കുകയും ചെയ്യും.

സുഖയാത്രയ്ക്ക് ചെലവെത്ര ?

ടൂ വീലര്‍ ഒരു മാസത്തേക്ക് ചാര്‍ജ് ചെയ്യാന്‍ 351 രൂപയാവും. ത്രീവീലറിന് പ്രതിമാസം 851 രൂപ. ഫോര്‍ വീലറിന് 1221 രൂപയും. ഈ നിരക്കില്‍ കോഴിക്കോട്ട് ചാര്‍ജ് ചെയ്താല്‍ ഏതു വാഹനവും അധികചെലവില്ലാതെ കൊച്ചിയിലും തിരുവനന്തപുരത്തും കൂടി ചാര്‍ജ് ചെയ്യാവുന്ന സംവിധാനമൊരുക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. വൈകാതെ യാഥാര്‍ഥ്യമാവും. 

പാളയം പച്ചക്കറി മാര്‍ക്കറ്റിനു സമീപമാണ് കോഴിക്കോട്ടെ ചാര്‍ജിങ് സ്റ്റേഷന്‍. ഹ്യുണ്ടായ്, മഹീന്ദ്ര വാഹന കമ്പനികളുമായി സഹകരിച്ച് ഇതുപോലെ സ്റ്റേഷനുകള്‍ തുടങ്ങാന്‍ ചാര്‍ജ് മോഡ് ഉദ്ദേശിക്കുന്നുണ്ട്.

Content Highlights: Charge Mode; Electric Vehicle Charging Station Calicut