രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനായി പൊതുമേഖലാ സ്ഥാപനമായ കണ്‍വെര്‍ജന്‍സ് എനര്‍ജി സര്‍വീസസ് ലിമിറ്റഡ് (സി.ഇ.എസ്.എല്‍.) കേരള സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടു. 30,000 ഇരുചക്ര-മുച്ചക്ര വൈദ്യുത വാഹനങ്ങള്‍ സംഭരിക്കുന്നതിനാണ് കരാര്‍. 

കേരളത്തിനൊപ്പം ഗോവ സര്‍ക്കാരുമായും സി.ഇ.എസ്.എല്‍. കരാറുകളും ധാരണാപത്രങ്ങളും ഒപ്പുെവച്ചിട്ടുണ്ട്. രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റി ഇക്കോ സിസ്റ്റം നിര്‍മിക്കുന്നതിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഫോര്‍ട്ടം, ജെ.ബി.എം. റിന്യൂവബിള്‍സ്, ടി.വി.എസ്. മോട്ടോര്‍ കമ്പനി എന്നിവയുമായി സി.ഇ.എസ്.എല്‍. സഹകരിക്കും. 

കരാറുകള്‍ പ്രകാരം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജിങ്ങിനുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും ആസ്തികളുടെ ഉപയോഗം നിരീക്ഷിക്കുന്നതിനും സി.ഇ.എസ്.എല്‍. നിക്ഷേപം നടത്തും. കരാറുകളില്‍ ഹൈവേ, എക്‌സ്പ്രസ് വേ ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരുടെ വികസനവും ഉള്‍പ്പെടും.

പദ്ധതിയുടെ ഭാഗമായി എല്ലാ ഇ.വി. സെഗ്മെന്റുകളിലുമുള്ള ഉപയോക്താക്കള്‍ക്ക് പാര്‍ക്ക്, ചാര്‍ജ് സൗകര്യം എന്നിവ ലഭ്യമാക്കും. ഹരിത നയങ്ങളും പരിസ്ഥിതി സൗഹൃദ പരിപാടികളും കേരളം സജീവമായി പിന്തുടരുന്നുണ്ട്. വന്‍തോതില്‍ ഇലക്ട്രിക് മൊബിലിറ്റി സ്വീകരിക്കുന്നത് പരിസ്ഥിതിക്കും സംസ്ഥാന സമ്പദ് വ്യവസ്ഥയ്ക്കും ഗുണം ചെയ്യും.

താമസിയാതെ ഇലക്ട്രിക് വാഹനങ്ങള്‍ സാധാരണക്കാര്‍ക്കുപോലും സ്വീകാര്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരള സര്‍ക്കാര്‍ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആര്‍. ഹരികുമാര്‍ പറഞ്ഞു.

Content Highlights: CESL Make Agreement With Kerala Government To Buy Electric Vehicles