ഡല്‍ഹി: രാജ്യത്തെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായി തുടച്ചുനീക്കി പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ (ഇലക്ട്രിക്, ഹൈബ്രിഡ്) വ്യാപകമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 9400 കോടി രൂപയുടെ പാക്കേജ് കൊണ്ടുവരുന്നു. മലിനീകരണം പിടിച്ചുനിര്‍ത്താന്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ നിര്‍മാണം മുതല്‍ നിക്ഷേപങ്ങള്‍ക്ക് വരെ വലിയ തോതില്‍ ഇളവുകള്‍ ഈ പാക്കേജില്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. പഴയ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നശിപ്പിച്ച് (സ്‌ക്രാപ്പിങ്ങ് സെന്റര്‍ വഴി) പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പരമാവധി രണ്ടര ലക്ഷം രൂപ വരെ ഇളവുകള്‍ നല്‍കി ബാറ്ററി വാഹനങ്ങള്‍ വ്യാപകമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഉയര്‍ന്ന വേഗതയുള്ള 1.5 ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് 30000 രൂപ വരെയും, ഒരു ലക്ഷം രൂപ വില വരുന്ന വേഗത കുറഞ്ഞ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് 20000 രൂപയും, അഞ്ചു ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് ത്രീവീലറുകള്‍ക്ക് 75000 രൂപയും, 15 ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും, 10 ലക്ഷം രൂപ വരെ വില വരുന്ന ചെറു വാണിജ്യ വാഹനങ്ങള്‍ക്ക് 2.5 ലക്ഷം രൂപയും, മൂന്ന് കോടി വില വരുന്ന ബസുകള്‍ക്ക് 50 ലക്ഷം രൂപ വരെയും ഇളവുകള്‍ നല്‍കുന്ന കരട് രേഖയാണ് കേന്ദ്രം മുന്നോട്ടുവച്ചിരിക്കുന്നത്. ഈ ഇളവുകളെല്ലാം വിവിധ വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും ബാധകമായിരിക്കും.

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പാസഞ്ചര്‍-ഇരുചക്ര വാഹനങ്ങള്‍ ഇലക്ട്രിക്കിലേക്ക് മാറ്റാന്‍ ഏകദേശം 1500 കോടി രൂപയാണ് ചിലവ് വരുക, ഇതിനൊപ്പം രാജ്യത്തുടനീളം ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ 1000 കോടി രൂപയും മുടക്കും. എല്ലാ മെട്രോ നഗരങ്ങളിലും ഒമ്പതു കിലോമീറ്റര്‍ ദൂരത്തിലായി ചാര്‍ജിങ് പോയന്റ് എന്നതാണ് ഹെവി ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശം. ഡല്‍ഹി-ജയ്പൂര്‍, ഡല്‍ഹി-ചണ്ഡിഗഢ്‌, ചെന്നൈ-ബെംഗളൂരു, മുംബൈ-പുണെ എന്നീ ഹൈവേകളില്‍ 25 കിലോമീറ്ററിനുള്ളില്‍ റോഡിന്റെ ഇരുവശത്തും ചാര്‍ജിങ് പോയന്റ് സ്ഥാപിക്കാനുമാണ് ലക്ഷ്യമിടുന്നത്. 

ഏകദേശം അഞ്ചു ലക്ഷത്തിലേറെ ഇലക്ട്രിക് വാഹനങ്ങളാണ് ഇളവുകളില്‍ ഉള്‍പ്പെടുക. ഇതില്‍ 80 ശതമാനവും ഇരുചക്ര-മുചക്ര വാഹനങ്ങളായിരിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിലെ ചിലവ് ഗണ്യമായി കുറയ്ക്കാനായി ഏകദേശം 5800 കോടി രൂപ ചിലവഴിക്കാനാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇതുസംബന്ധിച്ച അന്തിമ രേഖ സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ രാജ്യത്തെ വാഹന വ്യവസായ മേഖലയില്‍ വലിയൊരു മാറ്റത്തിന് തുടക്കമാകും. 

Content Highlights; Centre plans Rs 9,000 crore sops to push eco-friendly Vehicles

Courtesy; Times Of India